കേളകം: ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിന് കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നടത്തി. ശാസ്ത്ര മേളക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ. റ്റി മേളകളിൽ യു.പി സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റും കരസ്തമാക്കിയാണ് ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
വിജയികളെ അനുമോദിച്ചുകൊണ്ട് സ്കൂൾ പിറ്റിഎ ഒരുക്കിയ റാലിയിൽ വിജയികൾക്ക് ചെട്ടിയാംപറമ്പിൽ വച്ച് കൈരളി ട്രസ്റ്റ്, പൗരസമിതി ചെട്ടിയാംപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മധുര വിതരണവും നടത്തി. സണ്ണി അറക്കമാലിൽ, സണ്ണി കണിയാംചാലിൽ, അനീഷ് വഴീക്കുടിയിൽ, തോമസ്സ്, തമ്പി പുളിക്കകണ്ടം, ജോണി അറക്കമാലിൽ, ബോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പാറത്തോട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് വായനശാല കമ്മറ്റി അംഗങ്ങളായ ബാബു കെ കെ, സുരേഷ് ബാബു, അഖിൽ കെ ജെ, ജിജി, ശർമ്മദ എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ഇല്ലിമുക്ക് വായനശാലയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ മത്സര വിജയികളായ കുട്ടികളെ ആദരിച്ച് മധുരം നൽകി.
കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കുട്ടികളുടെ വർണശഭളമായ വിജയ ഘോഷയാത്ര കേളകം ബസ്റ്റാൻഡിൽ സ്വീകരിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ഗിരീഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിറ്റിഎ പ്രസിഡന്റ് ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരികുട്ടി ജോൺസൻ, വാർഡ് മെമ്പർമാരായ ലീലാമ്മ ജോണി, ബിനു തട്ടാരപ്പള്ളി, സജീവൻ പാലുമ്മി എന്നിവർ ആശംസകൾ നേർന്നു. എസ്ആർജി കൺവീനർ
വിനു മാഷ് ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.