32.8 C
Iritty, IN
September 30, 2024
  • Home
  • Uncategorized
  • പൊന്നമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെത്തി; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം
Uncategorized

പൊന്നമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെത്തി; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

തിരുവനന്തപുരം: അമ്പിളിക്ക് കൂട്ടായി എത്തിയ കുഞ്ഞമ്പിളിയെ ഇനി ആകാശത്ത് കാണാം. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍. ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റൽ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മടങ്ങുന്ന മിനി മൂൺ 2055-ൽ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

‘2024 PT5’എന്ന് പേരുള്ള ഛിന്നഗ്രഹത്തിനെയാണ് മിനി മൂൺ എന്ന് വിളിക്കുന്നത്. ഒരു സ്കൂൾ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക് മാത്രമേ ഭൂമിയെ ചുറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.

വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തിരിക്കുഞ്ഞനാണ്. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല. ഇതിന് മുൻപും ഛിന്നഗ്രഹങ്ങൾ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂര്‍വമാണ്. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

Related posts

*കൊട്ടിയൂര്‍ ശ്രീനാരായണ എല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor

പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Aswathi Kottiyoor

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

Aswathi Kottiyoor
WordPress Image Lightbox