തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. നേരത്തെ ബംഗളൂരുവില്‍ നിന്നടക്കം ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കർണാടക ആർടിസിയും നിരക്ക് വർധിപ്പിച്ചിരുന്നു. ബംഗളൂരു – കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകൾ ഇതോടെ അവധി നാട്ടിലെത്തി തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാകും.