71.38 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മേൽപ്പാലം ഒന്നര വർഷം കൊണ്ട് പൂർത്തിയാകും. പാലം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലേക്ക് തടസമില്ലാത്ത യാത്രയ്ക്ക് സാഹചര്യമൊരുങ്ങും. കനത്ത ഗതാഗത കുരുക്ക് നേരിടുന്ന സ്ഥലത്ത് മേൽപ്പാലമെത്താൻ വൈകിയെന്ന അഭിപ്രായമാണ് നാട്ടുകാർക്കുള്ളത്. മേൽപ്പാലം എത്തുന്നതോടെ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് കൂടി വഴിയൊരുങ്ങുമെന്ന പ്രതീക്ഷയും നാട്ടുകാർ പങ്കുവയ്ക്കുന്നു. മേൽപ്പാല നിർമ്മാണത്തിനാവശ്യമായ സ്ഥലം സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിനായി168 ഓളം കെട്ടിടങ്ങൾ പൊളിച്ചു നീക്കി.
കരാർ കമ്പനിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ഏകോപിപ്പിച്ച് നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 71.38 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലനിർമ്മാണം നടത്തുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കൂടി മുന്നിൽ കണ്ടാണ് ശ്രീകാര്യത്ത് മേൽപ്പാലം നിർമ്മിക്കുക. ഈ പാക്കേജിന്റെ ഭാഗമായി ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാകുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.