22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കുഞ്ഞിനെയുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്
Uncategorized

കുഞ്ഞിനെയുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

കോഴിക്കോട്: ഒന്നര വയസ്സുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി തിരികെ വീട്ടില്‍ എത്തിച്ച് പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയെയും മകനെയുമാണ് പൊലീസിന്റെ ഇടപെടലിലൂടെ മടക്കിയെത്തിക്കാനായത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളിലെയും പിങ്ക് പൊലീസിലെയും ഉദ്യോഗസ്ഥര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.

ഇന്നലെ ഉച്ചയോടെ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായെന്ന് താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വന്നു. ഉടന്‍ തന്നെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും ഉള്ള്യേരി ഭാഗത്താണെന്ന് കണ്ടെത്തുകയും അത്തോളി പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ യുവതി കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് ബോധ്യമായി. യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് പോലീസുകാര്‍ വിളിച്ചെങ്കിലും എടുത്തില്ല. എന്നാല്‍ പിന്നീട് തിരികെ വിളിച്ച് യുവതി രോഷത്തോടെ സംസാരിച്ചു. കുഞ്ഞുമായി ജീവനൊടുക്കാൻ പോകുകയാണെന്നാണ് യുവതി പറഞ്ഞത്. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്റ്റേഷനിൽ ബന്ധപ്പെട്ടു. ഈ പരിസരങ്ങളില്‍ കൊയിലാണ്ടിയിലെയും അത്തോളിയിലെയും പൊലീസുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തനായില്ല. വീണ്ടും യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അല്‍പ സമയത്തിന് ശേഷം ഇവരെ വീണ്ടും ഫോണില്‍ ലഭിച്ചു. ഈ സമയം ലൊക്കേഷന്‍ കാണിച്ചത് താമരശ്ശേരി ഭാഗത്തായിരുന്നു. തുടര്‍ന്ന് അമ്മയെയും മകനെയും താമരശ്ശേരി ആനക്കാംപൊയിലില്‍ വച്ച് ബസ്സില്‍ നിന്നും കണ്ടെത്തി. വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്താണ് കാരണമെന്ന് വ്യക്തമല്ല. പിന്നീട് ഇവരെ അനുനയിപ്പിച്ച് വീട്ടുകാര്‍ക്കൊപ്പം അയച്ചെന്ന് പൊലീസ് പറഞ്ഞു.

Related posts

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി, പ്രതിദിനം പുറന്തള്ളുന്നത് 774 ടൺ ആശുപത്രിമാലിന്യം; വളമാക്കാൻ സാങ്കേതികവിദ്യ

Aswathi Kottiyoor

സിലിണ്ടർ ബുക്ക് ചെയ്ത് ബുദ്ധിമുട്ടേണ്ട, 17 ലക്ഷത്തിലധികം വീടുകളിലെ ഗ്യാസ് അടുപ്പിലേക്ക് പൈപ്പുവഴി ഇന്ധനമെത്തും

Aswathi Kottiyoor
WordPress Image Lightbox