24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • ‘മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്’, മാധ്യമങ്ങൾക്കെതിരെ സുരേഷ് ​ഗോപി
Uncategorized

‘മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്’, മാധ്യമങ്ങൾക്കെതിരെ സുരേഷ് ​ഗോപി

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം, ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. അതിനിടെ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.

നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ആണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് മീനുവിന്‍റെ ആരോപണം. എതിർത്തതിനാൽ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മീനു ആരോപിച്ചു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്.
കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയുള്ള അനുഭവമാണ് ടെസ് തോമസ് വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 20 വയസ്സായിരുന്നുവെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും ടെസ് പറഞ്ഞു. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നും ടെസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷിനെതിരെ പ്രതിഷേധം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാൽ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് മുകേഷിന്‍റെ പ്രതികരണം.

Related posts

ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്

Aswathi Kottiyoor

റബർ വിലയിടിവ് തുടരുന്നു

Aswathi Kottiyoor

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

Aswathi Kottiyoor
WordPress Image Lightbox