23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പ് പഠനങ്ങളും റിപ്പോർട്ടുകളും വീണ്ടും ചർച്ചയാകുന്നു
Uncategorized

മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പ് പഠനങ്ങളും റിപ്പോർട്ടുകളും വീണ്ടും ചർച്ചയാകുന്നു

വയനാട്ടിലെ ഉരുൾപൊട്ടൽ തീവ്രതാ പ്രദേശങ്ങളെക്കുറിച്ചുള്ള ചർച്ച നേരത്തെ പുത്തുമല ദുരന്തം ഉണ്ടായ ഘട്ടത്തിൽ തന്നെ ഉയർന്നു വന്നിരുന്നു. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ചർച്ച വീണ്ടും ഉയരുകയാണ്. ജില്ലാ രൂപീകരണത്തിന് മുമ്പായി തന്നെ ഉരുൾപൊട്ടൽ സാധ്യതകൾ രേഖപ്പെടുത്തിയ പ്രദേശങ്ങൾ വയനാട്ടിലുണ്ട്. 1970 കളിൽ ജിയോളജിക്കൽ സർവെ ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ തീവ്രതാ മാപ്പാണ് ഇതിൽ പ്രധാനം. വയനാടിൻ്റെ മൊത്തം ഭൂപ്രദേശത്തെ ഉരുൾപൊട്ടൽ സാധ്യത കൂടിയ സ്ഥലങ്ങൾ, മിതമായ ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലങ്ങൾ, ഉരുൾപൊട്ടലിന് ചെറിയ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിങ്ങനെ മൂന്നായി ഈ മാപ്പിൽ തിരിച്ചിരുന്നു. ഇപ്പോൾ ദുരന്തം സംഭവിച്ച ചൂരൽമലയും അട്ടമലയും മുണ്ടക്കൈയുമെല്ലാം ഈ മാപ്പിൽ അന്നേ ഇടംപിടിച്ചിരുന്നു.

അമ്പുകുത്തി മല, നീലിമല, ചൂരൽമല, മുണ്ടക്കൈ, അട്ടമല, എളബ്ലേരികുന്ന്, സുഗന്ധഗിരി, പൊഴുതന കുന്നുകൾ, കുറിച്യാർമല, ബാണാസുരമല, തൊണ്ടർമുടി, പേരിയ, വാളാട്, ആലാറ്റിൽ, മക്കിമല, കമ്പമല, ബ്രഹ്മഗിരി, മണിക്കുന്നുമല, ഗൂഡലായ് കുന്ന്, കുറുമ്പാലക്കോട്ട തുടങ്ങിയ സ്ഥലങ്ങളെല്ലാം 1970കളിൽ തന്നെ ഉരുൾപൊട്ടൽ സാധ്യത കൂടിയ സ്ഥലങ്ങളായി അടയാളപ്പെടുത്തപ്പെട്ടതാണ്. ഇവിടങ്ങളിൽ ചില ഭാഗങ്ങൾ മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളായും അടയാളപ്പെടുത്തിയിരുന്നു. എന്നാൽ ഉരുൾപൊട്ടലിന് ചെറിയ സാധ്യത മാത്രമുളള സ്ഥലങ്ങളൊന്നും തന്നെ ഇവിടങ്ങളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. 2019ൽ മണ്ണിടിച്ചിൽ ദുരന്തം നടന്ന പുത്തുമലയും പച്ചക്കാടുമെല്ലാം ഉരുൾപൊട്ടൽ സാധ്യത കൂടിയ സ്ഥലങ്ങളായാണ് 1970കളിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഇപ്പോൾ അപകടം നടന്ന മുണ്ടക്കൈയിൽ വനമേഖലയിലെ ഏലത്തോട്ടത്തിൽ 1984-ൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. അന്ന് പത്തോളം മൃതദേഹങ്ങൾ മാത്രമാണ് മണ്ണിനടയിൽ നിന്നും വീണ്ടെടുക്കാൻ സാധിച്ചത്.

1970കളിലെ മാപ്പിൽ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടുതലായി പ്രവചിക്കപ്പെട്ടിരുന്ന വാളാട്, പേരിയ തുടങ്ങിയ പ്രദേശങ്ങളും അടുത്ത കാലത്തായി പലപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിട്ടിട്ടുണ്ട്. വയനാട്ടിൽ നിന്നും കൊട്ടിയൂർ അമ്പലത്തിലേയ്ക്കുള്ള എളുപ്പവഴിയായ ബോയ്സ് ടൗൺ റോഡിലും മണ്ണിടിച്ചിൽ പതിവാണ്. പ്രസ്തുത മാപ്പിൽ ഇടംപിടിച്ച വൈത്തിരി കുറിച്യാര്‍ മലയിലും, കുറുമ്പാലക്കോട്ട മലമുകളിലും നേരത്തെ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഈ മാപ്പിൽ അടയാളപ്പെടുത്തപ്പെട്ട മക്കിമലയിലും നേരത്തെ ഉരുൾപൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ചൂരൽമലയും അട്ടമലയും മുണ്ടക്കൈയും മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ജിയോളജിക്കൽ സർവെ ഓഫ് ഇൻഡ്യ 1970കളിൽ പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ തീവ്രതാ മാപ്പ് വീണ്ടും ചർച്ചയിലേയ്ക്ക് വരികയാണ്. ഈ മാപ്പിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ ഗൗരവമുള്ള വിദഗ്ധ പരിശോധനകളും പഠനങ്ങളും നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ടെന്ന് കൂടിയാണ് ഒരോ ദുരന്തങ്ങളും തെളിയിക്കുന്നത്. വയനാടിന്റെ നിലനിൽപ്പിന് ഇത്തരം പഠനങ്ങൾ അനിവാര്യമാണ്.

വീണ്ടും ചർച്ചയാകേണ്ട ‘സി ബി ഇ റ്റി’ ഫാക്ടേഴ്സ്
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ‘സി ബി ഇ റ്റി’ ഫാക്ടേഴ്സ് സംബന്ധിച്ച ഗൗരവമായ ചർച്ചകളും ഉയരുന്നുണ്ട്. ജീവിതം അസാധ്യമാകുന്ന വിധത്തിലേയ്ക്ക് വയനാടിന്റെ ഭൂപ്രകൃതി മാറുന്നുണ്ടോ എന്ന പരിശോധന അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന നിലയിലാണ് ഈ ചർച്ചകൾ ഉയരുന്നത്. ഒരു ഭൂപ്രദേശത്ത് ഒരു ജനസംസ്കൃതിക്ക് തുടർച്ചയായി ജീവിക്കാൻ സാധിക്കുന്നതിന്റെ ദൈർഘ്യം നിശ്ചയിക്കുന്നതിൽ പ്രധാനമാകുന്നത് നാലു ഘടകങ്ങളാണ്. ‘സി ബി ഇ റ്റി’ ഫാക്ടേഴ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. വയനാടിന്റെ വർത്തമാനകാല സാഹചര്യത്തിൽ ‘സി ബി ഇ റ്റി’ ഫാക്ടേഴ്സിനെക്കുറിച്ച് വിശദമായ പഠനം നടക്കേണ്ടതുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ഇതിനകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വയനാടിനെ സംബന്ധിച്ച് നിർണ്ണായകമായ ‘സി ബി ഇ റ്റി’ ഫാക്ടേഴ്സിനെക്കുറിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ആശങ്കകൾ പുതിയ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

‘സി’ സൂചിപ്പിക്കുന്നത് ക്ലൈമറ്റി (കാലാവസ്ഥ)നെയാണ്. വയനാടിനെ സംബന്ധിച്ച് അതിൽ പ്രധാനം മഴയാണ്. വയനാട്ടിൽ മഴയുടെ ലഭ്യതയ്ക്ക് കുറവ് വന്നിട്ടില്ല. എന്നാൽ മഴയുടെ ദൈർഘ്യം കുറയുകയും തീവ്രത കൂടുകയും ചെയ്യുന്ന പ്രവണതയാണ് വയനാട്ടിൽ കണ്ടുവരുന്നത്. ഇരുപത്തിനാല് മണിക്കൂർ കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പൊയ്തൊഴിയുന്ന സാഹചര്യമാണ് കുറച്ച് കാലങ്ങളായി വയനാട്ടിലുള്ളത്.

‘ബി’യെന്ന് പറയുന്നത് ബയോട്ടിക് ഫാക്ടറാണ്. ഒരു പ്രദേശത്തെ ജൈവിക ഇടപെടൽ ആ പ്രദേശത്തിന്റെ ജീവിത സാഹചര്യത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് നിർണ്ണായകമാണ്. വനനശീകരണം, കുന്നിടിക്കൽ, വയൽ നികത്തൽ തുടങ്ങിയവയെല്ലാം ബയോട്ടിക് ഫാക്ടറിലാണ് വരുന്നത്. ‘ബി’ ഫാക്ടർ പരിഗണിക്കുമ്പോൾ വയനാടിനെ സംബന്ധിച്ച് ഭൂവിനിയോഗത്തിലെ പുനഃക്രമീകരണം അത്യാവശ്യമാണ്. എവിടെ കൃഷി ചെയ്യാം, എവിടെ കൃഷി ചെയ്യാൻ പാടില്ല. എവിടെ താമസിക്കാം, എവിടെ താമസിക്കാൻ പാടില്ല എന്നുള്ളതടക്കം ഭൂമിയുടെ വർഗ്ഗീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഭൂവിനിയോഗത്തിൽ പുനഃക്രമീകരണം നടത്തുകയുമാണ് വേണ്ടത്.

വയനാട്ടിലെ വനനശീകരണം ബ്രിട്ടീഷുകാരുടെ കാലത്തേ തുടങ്ങിയതാണ്. അമ്പുകുത്തി മലനിരകൾ മുതൽ ബ്രഹ്മഗിരി കുന്ന് വരെ തോട്ടങ്ങൾ സ്ഥാപിക്കാനായി ബ്രിട്ടീഷുകാർ നടത്തിയ വനനശീകരണത്തിന്റെ അളവ് ഭീകരമാണ്. ഇതോടെയാണ് വയനാട്ടിലെ നീർച്ചാലുകളുടെ നാശം ആരംഭിക്കുന്നത്. വയനാട് ജില്ലയിൽ ചെറുതും വലുതുമായി 5120 കിലോമീറ്റർ നീളത്തിൽ തോടുകളുണ്ടായിരുന്നു. മഴ പെയ്താൽ വെള്ളം ഒഴുകാൻ തുടങ്ങുന്ന വളരെ നേർത്ത ഫസ്റ്റ് ഓർഡർ നീർച്ചാലുകൾ, രണ്ട് ഫസ്റ്റ് ഓർഡർ നീർച്ചാലുകൾ ചേരുന്ന സെക്കന്റ് ഓർഡർ നീർച്ചാലുകൾ, ഇത്തരത്തിൽ മുകളിൽ നിന്നും അത് താഴേക്ക് വിപുലപ്പെട്ട് വിപുലപ്പെട്ട് കബനി നദിയിൽ എത്തിച്ചേരുമ്പോഴേയ്ക്കും ഏഴാം ഓർഡർ നീർച്ചാലായി മാറുന്നു. വയനാടിന്റെ ജലസുരക്ഷയിൽ ഈ നീർച്ചാലുകളുടെ നെറ്റ് വർക്ക് വളരെ നിർണ്ണായകമാണ്. വയനാടിന്റെ പാരിസ്ഥിതിക സുരക്ഷ നിലനിർത്തുന്നതിലും ഈ നീർച്ചാലുകൾക്ക് വലിയ പങ്കുണ്ട്. അധികം വരുന്ന വെള്ളത്തെ സുരക്ഷിതമാക്കി ഒഴുക്കി കളയുക, ആവശ്യത്തിന് ജലമെത്തിച്ച് നൽകുക എന്ന രണ്ടു ദൗത്യമാണ് നീർച്ചാലുകൾ നിർവ്വഹിക്കുന്നത്. ഇത്തരത്തിൽ മുകൾ ഭാഗത്ത് വരുന്ന ഒന്നാം ഓർഡറിലും രണ്ടാം ഓർഡറിലും പെട്ട നീർച്ചാലുകളിൽ 70% ത്തോളം ഭൂമി കൈയ്യേറ്റത്തിന് വിധേയമായി അപ്രത്യക്ഷമായി കഴിഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇപ്പോൾ ശക്തമായ മഴ പെയ്യുമ്പോഴേയ്ക്കും കുന്നുകൾ ഇടിഞ്ഞ് താഴേയ്ക്കു പോകുന്നതിന് പ്രധാ‌ന കാരണം ഇത്തരത്തിൽ നീർച്ചാലുകൾ നഷ്ടപ്പെട്ടതാണ്. നീർച്ചാലുകൾ നഷ്ടപ്പെട്ടതോടെ വെള്ളം അതിന് സാധിക്കുന്ന വഴികളിലൂടെ ഒഴുകാൻ തുടങ്ങി. 2019ൽ പുത്തുമലയിലെ പൈപ്പിംഗ് പ്രതിഭാസത്തെയെല്ലാം ത്വരിതപ്പെടുത്തിയത് ഇതാണ്. ഈ സാഹചര്യത്തിൽ മണ്ണിന്റെ സ്വഭാവം നിർണ്ണായകമാണ്. വയനാടിനെ സംബന്ധിച്ച് കളിമണ്ണിന്റെ അംശം കൂടുതലുള്ള മണ്ണാണ് ഇവിടെയുള്ളത്. മണ്ണിൽ ചരലുകൾ കൂടുതൽ ഉള്ളതിനാൽ മഴ കൂടുതൽ പെയ്യുമ്പോൾ വേർപെടൽ പ്രക്രിയ വേഗത്തിൽ നടക്കുകയാണ്. വേർപെടൽ പ്രകിയ നടക്കുന്നതോടെ താഴെ പാറയോ ഉറച്ച പ്രതലമോ ആണെങ്കിൽ മേൽമണ്ണ് അവിടെ നിന്ന് വേർപെട്ട് പേരാനുള്ള സാധ്യത കൂടുതലാണ്. മരംമുറി മാത്രമല്ല ഇപ്പോഴുള്ള ചില കൃഷിരീതികളും ഈയൊരു പ്രതിഭാസത്തെ ത്വരിതപ്പെടുത്തുന്നുണ്ട്.

മൂന്നാമത്തെ ഫാക്ടറായ ‘ഇ’ സൂചിപ്പിക്കുന്നത് എഡാഫിക് ഫാക്ടറാണ്. മണ്ണിന്റെ ഘടന, മണ്ണിന്റെ സംരചന, മണ്ണിന്റെ ആഴം തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിൽ വരുന്നതാണ്. മണ്ണിന്റെ സംരചന ഭൂവിനിയോഗത്തിന്റെ സാധ്യതകളിൽ നിർണ്ണായകമാണ്. കളിമണ്ണ്, ചരൽ, ചെളിമണ്ണ് എന്നിവയുടെ അംശബന്ധം, തീവ്രമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾക്കുള്ള സാധ്യതകളെ വ്യത്യസ്തമായ രീതിയിൽ പ്രതിഫലിപ്പിക്കുന്നു. മേൽമണ്ണിന്റെ ആഴവും നിർണ്ണായകമാണ്. മണ്ണിന്റെ ആഴം കുറവായിരുന്നത് പുത്തുമല ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടിരുന്നു.

റ്റി’ എന്ന നാലാമത്തെ ഘടകം ടോപ്പോഗ്രാഫിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള കുന്നുകളുടെ ഉയരം, കുന്നുകളുടെ സ്ഥാനം, കുന്നുകളുടെ ചെരിവ്, ചെരിവുകളുടെ നീളം എന്നിവയെല്ലാം ഇതിൽ വരുന്നതാണ്. കുന്നുകളുടെ ചെരിവിന് നീളം കൂടുന്നത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ സംഭവിക്കുമ്പോൾ അപകട സാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. വയനാട്ടിൽ മാത്രമല്ല കേരളത്തിന്റെ മലയോര മേഖലകളിലും ജനസംസ്കൃതി നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ‘സിബിഇറ്റി’ ഫാക്ടറുകളിൽ ഊന്നിയുള്ള പഠനങ്ങളും നടക്കേണ്ടതുണ്ടെന്നാന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പുത്തുമല ദുരന്തത്തിന് വഴിതെളിച്ച ‘പൈപ്പിങ്ങ് പ്രതിഭാസ’ത്തെക്കുറിച്ചുള്ള റിപ്പോർട്ടും വിസ്മരിക്കാനാവില്ല
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുത്തുമല ദുരന്തവുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ പി യു ദാസ് അന്നത്തെ ജില്ലാ കളക്ടർക്ക് കൈമാറിയ റിപ്പോർട്ടും ചർച്ചയാകേണ്ടതുണ്ട്. പുത്തുമലയിൽ ഉണ്ടായത് ഉരുൾപൊട്ടലാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അവിടെ നടന്ന അതിശക്തമായ മണ്ണിടിച്ചിലാണ് അപകടകാരണമെന്നാണ് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് കണ്ടെത്തയത്. പ്രദേശത്തെ കുന്നിൽ വിളലുകളോ, മണ്ണും, വെള്ളവും കുന്നിന്റെ ഉൾഭാഗത്ത് നിന്നും തള്ളി പുറത്തേക്ക് വന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളോ കാണാത്തതിനാലാണ് ഇവിടെ നടന്നത് ഉരുൾപൊട്ടലല്ല എന്ന നിഗമത്തിൽ എത്തിച്ചേർന്നത്. അതിശക്തമായ മണ്ണിടിച്ചിലാണ് നടന്നതെന്നതിന്റെ സാധ്യതകൾ റിപ്പോർട്ടിൽ അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അപകടം നടന്ന ചുരുങ്ങിയ ദിവസങ്ങളിൽ പെയ്ത അതിതീവ്രമഴയാണ് ദുരന്തത്തിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്. 24 മണിക്കൂറിൽ 51 സെന്റീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടത്. തുടർച്ചയായി പെയ്യുന്ന 20 സെന്റിമീറ്ററിൽ കൂടുതൽ മഴയൊന്നും താങ്ങാനുള്ള ശേഷി വയനാടിനില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് മുപ്പത് വർഷത്തോളം മുമ്പ് മുറിച്ചുമാറ്റിയ മരങ്ങളുടെ ദ്രവിച്ച വേരുകൾ മേൽമണ്ണിനടിയിൽ സൃഷ്ടിച്ച മാളങ്ങളും അപകടകാരണമായി ചൂണ്ടിക്കാണിക്കുന്നു. ഈ ‘പൈപിംഗ് പ്രത്രിഭാസം’ പുത്തുമലയിൽ ഒതുങ്ങുന്നതല്ലെന്നായിരുന്നു ആ റിപ്പോർട്ടിൻ്റെ അന്തഃസത്ത.

പൈപ്പിങ്ങ് പ്രത്രിഭാസം’ മൂലം മേൽമണ്ണും പാറയും തമ്മിലുള്ള ബന്ധം വേർപ്പെട്ടതാണ് പുത്തുമലയിലെ ദുരന്തത്തിൻ്റെ പ്രധാനപ്പെട്ട കാരണമായി റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ടിരുന്നത്. പുത്തുമല ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പച്ചക്കാട് മലയിലെ സ്വകാര്യ കൃഷിഭൂമികളിൽ മുപ്പതോളം വർഷം മുമ്പ് മുറിച്ച മരങ്ങളുടെ ദ്രവിച്ച വേരുകൾ സൃഷ്ടിച്ച ആന്തരിക മാളങ്ങളിലൂടെ കനത്ത മഴയിൽ വളരെ വേഗത്തിൽ ആന്തരികമായി മണ്ണൊലിപ്പ് നടന്നതാണ് ദുരന്തത്തിന്റെ പ്രധാന കാരണമെന്നായിരുന്നു റിപ്പോർട്ടിലെ സൂചന. ഇവിടെ മേൽമണ്ണിൻ്റെ ഘനം 4 അടിയോളം മാത്രമാണ്. കനത്ത മഴയിൽ വലിയ അളവിലുള്ള വെള്ളം ആഗിരണം ചെയ്യപ്പെട്ടതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധം വേർപെടുകയും മണ്ണ് തെന്നി മാറുകയുമായിരുന്നു. ഒമ്പതോളം ഭാഗങ്ങളിൽ ഈ പ്രതിഭാസം ഉണ്ടായതായും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഈ പ്രതിഭാസം ഉണ്ടായ എല്ലാ ഭാഗത്തും നിന്നും തള്ളൽ ഒരു പൊതുചാലിലേയ്ക്ക് കേന്ദ്രീകരിക്കുകയും പൊതുചാലിലേയ്ക്ക് വന്ന മണ്ണും വെള്ളവും അതിതീവ്രമായി താഴേയ്ക്ക് ഊർന്നിറങ്ങിയതുമാണ് അതിതീവ്രമായ മണ്ണിടിച്ചിലിന് കാരമായത്. ഏതാണ്ട് അഞ്ച് ലക്ഷംടണ്‍ വെള്ളവും മണ്ണുമാണ് ഇത്തരത്തിൽ പൊതുചാലിൽ നിന്ന് ഒലിച്ചിറങ്ങിയത്. ഏകദേശം 20 ഹെക്ടറോളം സ്ഥലം ഇത്തരത്തിൻ ഒലിച്ചിറങ്ങിയെന്നായിരുന്നു റിപ്പോർട്ടിലെ സൂചന. 20% മുതൽ 60% വരെയാണ് അപകടം നടന്ന പ്രദേശത്തെ ചെരിവ്. ദുരന്തത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഏലകൃഷിക്കായി മേൽമണ്ണ് ഉളക്കിയത് മണ്ണിന്റെ ജലാഗിരണ ശേഷി വർദ്ധിപ്പിച്ചിരുന്നു. ഇതും ‘പൈപ്പിങ്ങ് പ്രത്രിഭാസം’ത്തിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

Related posts

തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

മലയാളത്തിലെ താരരാജാക്കന്മാര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക് നഷ്ടമായി; പിണറായി വിജയന്റെ ഹാന്‍ഡിലിലും ബ്ലൂടിക്കില്ല

Aswathi Kottiyoor

ചേർത്തലയിൽ ബൈക്കിൽ കാറിടിച്ചു; 22കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox