രാമനാട്ടുകര: നഗരത്തിൽ പുലർച്ചെ ദുബായ് ഗോൾഡ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ചയ്ക്കു ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. മധ്യപ്രദേശ് റേവ ഹനുമാന ദേവ്‌രി സ്വദേശി നെക്മണി സിങ് പട്ടേലാണ്(27) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഭിത്തി തുരക്കാൻ പിക്കാസ് ഗൂഗിൾ പേയിലൂടെ പണം നൽകിയ പ്രതി മണിക്കൂറുകൾക്കം പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. പിക്കാസ് രാമനാട്ടുകരയിൽ നിന്നു തന്നെയാണു വാങ്ങിയതെന്നു കണ്ടെത്തി. കടയിൽ അന്വേഷിച്ചപ്പോഴാണ് പണം ഗൂഗിൾ പേ വഴിയാണു നൽകിയതെന്നു മനസ്സിലായത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി 7ന് ബൈപാസ് ജംക്‌ഷനിൽ വച്ചാണു പ്രതിയെ പിടികൂടിയത്. കംപ്യൂട്ടർ എൻജിനീയറായ പ്രതി നഗരത്തിൽ മണ്ണുമാന്തി യന്ത്രത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇന്നലെ പുലർച്ചെ മൂന്നിനാണ് ദേശീയപാതയോരത്തെ ജ്വല്ലറി കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഭിത്തിയുടെ കല്ലുകൾ ഇളക്കി അകത്തുകയറിയത്. പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ നഷ്ടപ്പെട്ടു. വിവരം അറിഞ്ഞു ജീവനക്കാർ എത്തിയതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഓടിപ്പോയി.ജ്വല്ലറിയിൽ നിന്ന് അലാം മുഴങ്ങിയതോടെ സുരക്ഷാ ജീവനക്കാരൻ ചുറ്റും നോക്കിയപ്പോഴാണ് ഭിത്തി തുരന്നതായി കണ്ടത്. വിവരം കടയിലെ ജീവനക്കാരെ അറിയിച്ചു. ജീവനക്കാർ എത്തിയ ശബ്ദം കേട്ടപ്പോൾ, അകത്തുണ്ടായിരുന്ന കള്ളൻ പതുങ്ങിയിരുന്നു. കവർച്ച നടത്തി പോയിട്ടുണ്ടാകും എന്നു കരുതി ജീവനക്കാർ പുറത്തുനിൽക്കുമ്പോഴാണ് ഭിത്തിയുടെ ദ്വാരത്തിലൂടെ പുറത്തുചാടി ഓടിപ്പോയത്.
ജ്വല്ലറിയിൽ സ്വർണം സൂക്ഷിച്ച ലോക്കർ കുത്തിത്തുറക്കാൻ ശ്രമം നടത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 2 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചിയിൽ നിറച്ച വെള്ളി ആഭരണങ്ങൾ അകത്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ഡപ്യൂട്ടി കമ്മിഷണർ അനൂജ് പലിവാൾ, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ സജു കെ.ഏബ്രഹാം, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, എസ്ഐമാരായ എസ്.അനൂപ്, സി.സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. എ.വി.ശ്രീജയയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.
▂