• Home
  • Uncategorized
  • വായ്പ തിരിച്ചടച്ചെന്ന അദാനിയുടെ അവകാശവാദം; വിശദീകരണം തേടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍.
Uncategorized

വായ്പ തിരിച്ചടച്ചെന്ന അദാനിയുടെ അവകാശവാദം; വിശദീകരണം തേടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍.


മുംബൈ: ഗ്രൂപ്പ് കമ്പനികളുടെ ഓഹരി പണയപ്പെടുത്തിയുള്ള വായ്പകള്‍ മുഴുവനായി തിരിച്ചടച്ചെന്ന അദാനി ഗ്രൂപ്പിന്റെ വെളിപ്പെടുത്തലില്‍ വിശദീകരണം തേടി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും. 215 കോടി ഡോളറിന്റെ (ഏകദേശം 17,600 കോടി രൂപ) വായ്പകള്‍ തിരിച്ചടച്ചെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. എന്നാല്‍, ഗ്രൂപ്പിന്റെ അവകാശവാദം ശരിയല്ലെന്നും ഇപ്പോഴും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ബാങ്കുകളുടെ കൈവശം പണയത്തിലുണ്ടെന്നും ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

നിയമപ്രകാരം ലഭ്യമായ രേഖകളില്‍ ഗ്രൂപ്പിലെ ഏതാനുംകമ്പനികളുടെ ഓഹരികള്‍ ബാങ്കുകള്‍ ഇനിയും വിടുതല്‍ ചെയ്തിട്ടില്ല. അതിനര്‍ഥം ഈ വായ്പകള്‍ പൂര്‍ണമായി തിരിച്ചടച്ചിട്ടില്ലെന്നതാണ്. ഒരുഭാഗം മാത്രമാണ് ഗ്രൂപ്പ് തിരിച്ചടച്ചതെന്നും ഓഹരിവില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്താന്‍ ബാങ്കുകള്‍ ആവശ്യപ്പെടാതിരിക്കാനാണ് ഇതെന്നുമാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്.

അദാനി ഗ്രൂപ്പ് വായ്പ തിരിച്ചടച്ചതായി പറഞ്ഞശേഷം അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ഓഹരികള്‍ മാത്രമാണ് ബാങ്കുകള്‍ പൂര്‍ണമായി വിടുതല്‍ചെയ്തത്. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ ഇപ്പോഴും പണയത്തിലുണ്ട്.സാധാരണ വായ്പ തിരിച്ചടച്ചാല്‍ ഉടന്‍ ഓഹരികള്‍ വിടുതല്‍ ചെയ്യാറുണ്ട്. എന്നാല്‍, അദാനി ഇക്കാര്യം പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും ഓഹരികള്‍ വിടുതല്‍ ചെയ്യാത്തത് അസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കമ്പനി മറുപടി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരിവില ചൊവ്വാഴ്ച 121 രൂപയുടെ നഷ്ടം നേരിട്ടു. ഗ്രൂപ്പിലെ മറ്റ് ഒമ്പതുകമ്പനികളുടെയും ഓഹരിവില നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. അഞ്ചെണ്ണം ലോവര്‍ സര്‍ക്യൂട്ടിലാകുകയുംചെയ്തു.

Related posts

12 സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പണമില്ല; കാരുണ്യം അകലെ

Aswathi Kottiyoor

കതിരൂർ ആറാം മൈലിൽ ഒമ്നി വാനിന് തീപ്പിടിച്ചു

Aswathi Kottiyoor

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

WordPress Image Lightbox