23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍ ഇന്ത്യക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം
Uncategorized

അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍ ഇന്ത്യക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം


തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഇന്നലെയാണ് നമ്പി രാജേഷ് മരിച്ചത്. മസ്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് അമൃത തന്‍റെ അവസ്ഥയെ കുറിച്ച് പങ്കുവച്ചിരുന്നു. എങ്ങനെയും പോയേ പറ്റൂ എന്നാണ് അന്ന് നിസഹായതോടെ അമൃത പ്രതികരിച്ചത്.

എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാൻ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത് വിമാനത്താവളത്തില്‍ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവര്‍ കണ്ണീരോടെ പറയുന്നു.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണം എന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കുടുംബം എട്ടാം തീയ്യതി തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടിക്കറ്റെടുത്തു. എന്നാല്‍ അന്ന് പോകാനായില്ല.

ഒമ്പതാം തീയ്യതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാല്‍ പോകാനായില്ല. പിന്നീട് ഫ്ളൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെയോടെ രാജേഷിന്‍റെ അവസ്ഥ വീണ്ടും മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് രാത്രി വൈകി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. നാളെയോടെ നാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.

ടിക്കറ്റിന്‍റെ പണം റീഫണ്ട് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാല്‍ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് കുടുംബം അറിയിക്കുന്നത്.

Related posts

വാർഷിക ആഘോഷവും കുടുംബ സംഗമവും

Aswathi Kottiyoor

മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

Aswathi Kottiyoor

ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox