കഴിഞ്ഞദിവസം പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തില്‍ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇന്ന് ആദിവാസികളുടെ സഹകരണത്തോടെ വനപാലകരുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തും.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലി കണ്ടെത്താനായാണ് തിങ്കളാഴ്ച അമ്മിണി വനത്തിലേക്ക് പോയത്. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു. വാര്‍ദ്ധികൃസഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.