കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ആഴ്ചകൾ നീണ്ട സമരം സുപ്രീംകോടതിയുടെ നിർണായക ഇടലപെടലുകൾക്ക് വരെ കാരണമായി. എന്നാൽ ഈ പ്രതിഷേധം കൊണ്ടൊന്നും അധികാരികൾ ഉണർന്ന് പ്രവർത്തിച്ചില്ല. ആശുപത്രികളിൽ എല്ലായിടത്തും സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, വിശ്രമമുറികൾ, പോലീസ് സുരക്ഷ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യം.
സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ തിരക്കുപിടിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ നടപടികൾ ഒന്നും എവിടെയുമെത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനോ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനോ ഇതുവരെ നടപടികളുണ്ടായിട്ടില്ല.
വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി നിർദേശങ്ങൾ നൽകാൻ ദേശീയ കർമ്മ സമിതിയെ രൂപീകരിച്ചിരുന്നു. എന്നാൽ സമിതിയിൽ ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷമായ നേഴ്സുമാരുടെ പ്രതിനിധികളാരെയും ഉൾപ്പെടുത്തിയില്ല.