കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട്. സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും ജാഗ്രത നിര്‍ദേശവും നിരോധനവും ഏര്‍പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ നാളെ രാത്രി 11.30 വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇന്നലെ രാത്രി 10 മണി മുതല്‍ ബീച്ചുകളിലേക്കുള്ള പ്രവേശനവും പൂര്‍ണമായും നിരോധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ കടല്‍ ഉള്‍വലിഞ്ഞ ആലപ്പുഴ പുറക്കാട് മത്സ്യബന്ധന ഉപകരണങ്ങളും തീരത്തു നിന്നും മാറ്റി തുടങ്ങി. ആലപ്പുഴ ജില്ലയില്‍ തോട്ടപ്പള്ളി മുതല്‍ വലിയഴിക്കല്‍ വരെയാണ് കടല്‍ക്ഷോഭം ജന ജീവിതത്തെ കൂടുതല്‍ ബാധിക്കുന്നത്.