കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ കനൽ ഇന്നും കെട്ടടങ്ങിയിട്ടില്ല. 2023 മേയ് മൂന്നിനാണ്
ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിൽ സംഘർഷം ആരംഭിച്ചത്. മെയ്തേയ് വിഭാഗക്കാരെ പട്ടികവർഗ പദവിയിൽ ഉൾപെടുത്താനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതാണ് കലാപത്തിന്റെ തുടക്കം . പിന്നെ രാജ്യം സാക്ഷിയായത് ഏറ്റവും ദൈർഘ്യമേറിയ കലാപത്തിന്റെ നാളുകൾ.
രണ്ടായിരത്തോളം പേർക്കാണ് പരുക്കേറ്റത്. സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരകളായി, ആയിരത്തോളം വീടുകൾ കത്തി നശിച്ചു, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായി അഭ്യർത്ഥി ക്യാമ്പുകൾ നിറഞ്ഞു.
ചുരാചന്ദ്പൂരിൽ സ്ത്രീകളെ ജനംകൂട്ടം നഗ്നരാക്കി ലൈംഗികാതിക്രമണത്തിന് ഇരകളാക്കിയത് രാജ്യത്തിൻറെ നൊമ്പരമായി. രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു. മെയ്തെയ് വിഭാഗത്തെ മുഖ്യമന്ത്രി ബീരേൻ സിംഗ് പരസ്യമായി പിന്തുണച്ചത് കലാപത്തിൻ്റെ ആകംകൂട്ടി. കലാപത്തിന് കാരണമായ വിധിയിൽ മണിപ്പൂർ ഹൈക്കോടതി ഭേദഗതി വരുത്തികയെങ്കിലും ,അപ്പോഴേക്കും രണ്ട് വിഭാഗങ്ങളാൽ സംസ്ഥാനം വിഭജിക്കപ്പെട്ടു. മെയ്തെയ്കൾക്ക് സ്വാധീനമുള്ള മേഖലകളിൽ കുക്കികൾക്കും,കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ മെയ്തെയ്ൾക്കും പ്രവേശനം നിഷേധിച്ചു. അതിർത്തികളിൽ ബങ്കറുകൾ കെട്ടി ആയുധധാരികളായി ഇരു വിഭാഗവും നിലയുറപ്പിച്ച് കാഴ്ചയ്ക്കാണ് കലാപ മേഖലകളിലെത്തിയ ട്വൻ്റിഫോർ വാർത്ത സംഘം സാക്ഷിയായത്.