• Home
  • Uncategorized
  • ‘മകളുടെ മരണം കൊവിഷീല്‍ഡ് മൂലം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍
Uncategorized

‘മകളുടെ മരണം കൊവിഷീല്‍ഡ് മൂലം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മകളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കെതിരെയാണ് മാതാപിതാക്കള്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ ആസ്ട്രസെനെക്കയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിച്ചത്. വേണുഗോപാലന്‍ ഗോവിന്ദന്റെ മകള്‍ കാരുണ്യയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതിന് ശേഷം 2021 ജൂലൈയില്‍ മരിച്ചത്. എന്നാല്‍ വാക്‌സിന്‍ മൂലമാണ് കാരുണ്യയുടെ മരണം സംഭവിച്ചതെന്നതിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ കമ്മിറ്റി പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീല്‍ഡിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വേറെയും കുടുംബങ്ങള്‍ രംഗത്തുവരുന്നുണ്ട്. 18 കാരിയായ റിതൈക ശ്രീ ഓംത്രി എന്ന പെണ്‍കുട്ടിയുടെ മരണവും കൊവിഷീല്‍ഡ് മൂലമാണെന്ന് യുകെയിലുള്ള കുടുംബം ആരോപിക്കുന്നു. 2021-ലാണ് റിതൈകയ്ക്ക് കൊവിഡ് ബാധിച്ചത്.

മെയ് മാസത്തില്‍ അവള്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് എടുത്തു. എന്നാല്‍ ഏഴ് ദിവസത്തിനുള്ളില്‍, റിതൈകയ്ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും തുടങ്ങി. നടക്കാനും കഴിയാതായി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി എംആര്‍ഐ സ്‌കാനില്‍ വ്യക്തമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ റിതൈക മരിച്ചു. 2021 ഡിസംബറിലെ ഒരു വിവരാവകാശ രേഖയിലൂടെയാണ് റിതൈകയ്ക്ക് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ കാരണമാണ് മരണം സംഭവിച്ചതെന്നും കുടുംബത്തിന് മനസ്സിലായത്.

കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Related posts

ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

Aswathi Kottiyoor

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Aswathi Kottiyoor

ബെല്ലാരിയിൽ വൻ സ്വർണ,പണ വേട്ട: 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox