27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അണിയറയില്‍ അമ്പരപ്പിക്കുന്ന ഒരുക്കങ്ങള്‍; വോട്ടിംഗിന് മുമ്പുള്ള 72 മണിക്കൂര്‍ അതിനിര്‍ണായകം, എന്തുകൊണ്ട്
Uncategorized

അണിയറയില്‍ അമ്പരപ്പിക്കുന്ന ഒരുക്കങ്ങള്‍; വോട്ടിംഗിന് മുമ്പുള്ള 72 മണിക്കൂര്‍ അതിനിര്‍ണായകം, എന്തുകൊണ്ട്

ദില്ലി: ലോക്‌സഭ തെര‌ഞ്ഞെടുപ്പ് 2024ന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19-ാം തിയതി നടക്കാനിരിക്കുകയാണ്. വോട്ടിംഗിന് മുമ്പുള്ള അവസാന 72 മണിക്കൂര്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. നീതിപരവും സമാധാനപൂര്‍ണവുമായ ഇലക്ഷന്‍ ഉറപ്പിക്കാനുള്ള നിര്‍ണായക സമയമാണ് പ്രചാരണത്തിന്‍റെ അവസാന ദിനം മുതലങ്ങോട്ടുള്ള സമയം. മേല്‍നോട്ടവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എല്ലാ സംവിധാനങ്ങളും ഈസമയം 24×7 ജാഗ്രതയോടെ പ്രവര്‍ത്തിക്കും.

തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ പാടുപെടുന്ന സമയമാണ് പോളിംഗിന് മുമ്പുള്ള 72 മണിക്കൂര്‍ സമയം. 97 കോടിയോളം വോട്ടര്‍മാരും 10.5 ലക്ഷം പോളിംഗ് സ്റ്റേഷനും 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും 55 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 4 ലക്ഷം തെരഞ്ഞെടുപ്പ് വാഹനങ്ങളുമാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനായി സജ്ജമായിരിക്കുന്നത്. ഏറെ ആസൂത്രണവും ഏകോപനവും ഇക്കാര്യങ്ങളില്‍ ആവശ്യമാണ്. വോട്ടര്‍മാര്‍ക്ക് സമാധാനപരവും നീതിപൂര്‍വവുമായി വോട്ട് രേഖപ്പെടുത്താനും പൗരന്‍മാരുടെ സുരക്ഷ ഉറപ്പിക്കാനും രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമമായി ഈസമയം പ്രവര്‍ത്തിക്കും.

സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി ചിലവഴിച്ച തുക സംബന്ധിച്ചുള്ള അവസാനവട്ടം കണക്കുകള്‍ ചിട്ടപ്പെടുത്തുക പോളിംഗിന് മുമ്പുള്ള അവസാന 72 മണിക്കൂറിലെ പ്രധാന നടപടികളൊന്നാണ്. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും എക്‌സൈസ് ടീമുകളും 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമുകളുമുണ്ട്. ഫ്ലൈയിംഗ് സ്ക്വാഡുകള്‍ ഓരോ നിയമസഭ മണ്ഡലങ്ങളിലും മൂന്ന് ഷിഫ്റ്റുകളായി അനധികൃത പണം അടക്കമുള്ളവ പിടിച്ചെടുക്കുകയും പരാതികള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യും. മദ്യവും പണവും അടക്കം പിടിച്ചെടുക്കാനുള്ള അധികാരം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിനുമുണ്ട്. നിര്‍ണായകമായ ലൊക്കേഷനുകളിലായിരിക്കും ഇവര്‍ ചുവടുറപ്പിക്കുക.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്ന നിരീക്ഷണം അവസാന 72 മണിക്കൂറിലും തുടരും. ജില്ലാ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. ഇതിനായി അതിര്‍ത്തികള്‍ അടയ്ക്കുന്നതും പ്രത്യേക നിരീക്ഷണങ്ങള്‍ ഒരുക്കുന്നതുമെല്ലാം സാധാരണമാണ്. പോളിംഗ് സ്റ്റേഷനുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുക പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അവസാന മണിക്കൂറുകളിലെ പ്രധാന ചുമതലകളിലൊന്നാണ്. കടുത്ത ചൂടുകാലത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ കുടിവെള്ളവും ഫാനുകളും ശുചിമുറികളും വീല്‍ചെയറുകളും ക്യൂനില്‍ക്കാന്‍ തണല്‍ സൗകര്യവും അടക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃത്യസമയത്ത് എല്ലാ സുരക്ഷയോടെയും വോട്ടെടുപ്പ് ആരംഭിക്കാനും വിജയകരമായി പൂര്‍ത്തിയാക്കാനും വേണ്ട എല്ലാ ഒരുക്കങ്ങളും അവസാന 72 മണിക്കൂറില്‍ വിലയിരുത്തും.

Related posts

കളിക്കിടയില്‍ കുട്ടി ടാര്‍ വീപ്പയില്‍ കയറി ഒളിച്ചു; പുറത്തിറങ്ങാനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍;l

Aswathi Kottiyoor

മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ

Aswathi Kottiyoor
WordPress Image Lightbox