കോഴിക്കോട്: എട്ട് മാസത്തോളമായി പൂട്ടിക്കിടന്ന ആക്രിസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ചെറുവണ്ണൂരില്‍ മല്ലിക തിയേറ്ററിന് എതിര്‍വശത്തെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം പകല്‍ മൂന്നോടെയാണ് അപകടം ഉണ്ടായത്. ആക്രിസാധനങ്ങള്‍ക്കിടയില്‍പ്പെട്ട പെരുമ്പാമ്പും ആമയും അഗ്‌നിക്കിരയായി ചത്തെന്ന് ഫയർഫോഴ്സ് അറിയിച്ചു.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും തീ പിടിക്കുന്ന വസ്തുക്കളും ഒരുമിച്ച് കത്തിയതിനാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനക്ക് തീയണക്കാനായത്. അനിയന്ത്രിതമായി തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളാകെ പരിഭ്രാന്തിയിലായി. വൈകീട്ട് ആറോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് യൂണിറ്റ് എത്തിയാണ് തീ പുര്‍ണമായും അണച്ചത്.