• Home
  • Uncategorized
  • ഐപിഎല്‍ സെഞ്ചുറിക്കായി രോഹിത് കാത്തിരുന്നത് 4,355 ദിവസം; എന്നിട്ട് പേരിലായതോ നാണക്കേടിന്‍റെ റെക്കോർഡും
Uncategorized

ഐപിഎല്‍ സെഞ്ചുറിക്കായി രോഹിത് കാത്തിരുന്നത് 4,355 ദിവസം; എന്നിട്ട് പേരിലായതോ നാണക്കേടിന്‍റെ റെക്കോർഡും

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റെങ്കിലും രോഹിത് ശര്‍മ അപരാജിത സെഞ്ചുറിയുമായി തല ഉയര്‍ത്തി നിന്നു. 63 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത്തിനും പക്ഷെ ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീമിലെ എത്തിക്കാനായില്ല.

ഐപിഎല്ലില്‍ രോഹിത്തിന്‍റെ രണ്ടാം സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ എട്ടാം സെഞ്ചുറിയുമാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയത്. 2012 മെയ് 12ന് കൃത്യമായി പറഞ്ഞാല്‍ 4355 ദിവസങ്ങള്‍ക്കും മുമ്പായിരുന്നു ഐപിഎല്ലില്‍ രോഹിത് അവസാനമായി ഒരു സെഞ്ചുറി നേടിയത്. എന്നാല്‍ രോഹിത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതോടെ മുംബൈ 20 റണ്‍സകലെ വീണു.

അപരാജിത സെഞ്ചുറി നേടിയെങ്കിലും രോഹിത്തിനെ തേടിയത്തിയത് പക്ഷെ നാണക്കേടിന്‍റെ റെക്കോര്‍ഡായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് റണ്‍ചേസില്‍ ഒരു ബാറ്റര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ടീം തോല്‍ക്കുന്നത്. മുമ്പ് റണ്‍ ചേസില്‍ സഞ്ജു സാംസണും യൂസഫ് പത്താനും സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് തോറ്റിട്ടുണ്ട്. 2021ല്‍ മുംബൈക്കെതിരെ വാംഖഡെയില്‍ സഞ്ജു 63 പന്തില്‍ 119 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റപ്പോള്‍ 2008ല്‍ ബ്രാബോണില്‍ യൂസഫ് പത്താന്‍ മുംബൈക്കെതിരെ 37 പന്തില്‍ 100 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റു.

എന്നാല്‍ ഈ രണ്ട് കളികളിലും നിര്‍ണായക സമയത്ത് ഇരുവരും പുറത്തായതാണ് ടീം തോല്‍ക്കാന്‍ കാരണമായത്. ഇന്നലെ രോഹിത് പുറത്തകാതെ നിന്നിട്ടും രോഹിത്തിന് മുംബൈയെ ജയത്തിലെത്തിക്കാനാവാഞ്ഞതോടൊണ് നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലായത്. ഈ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്. നേരത്ത വിരാട് കോലി രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയ്പൂരില്‍ സെഞ്ചുറി നേടിയെങ്കിലും ടീം തോറ്റിരുന്നു.

ഇതിന് പുറമെ രോഹിത് പുറത്താവാതെ നിന്നിട്ടും മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ തോല്‍ക്കുന്നതും ഇതാദ്യമായാണ്. ഇതിന് മുമ്പ് 19 തവണയും രോഹിത് നോട്ടൗട്ടായ മത്സരങ്ങളില്‍ മുംബൈ വിജയിച്ചിട്ടുണ്ട്.

Related posts

ചേർത്തലയിൽ 13കാരനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മുനമ്പത്തു ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor

മെഡിക്കൽ പിജി പ്രവേശനം; നീറ്റ് കട്ട് ഓഫ് പൂജ്യം തന്നെ;

Aswathi Kottiyoor
WordPress Image Lightbox