പാലക്കാട് ചൂടിൽ തിളച്ചു മറിയുമ്പോൾ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ടാങ്കറിൽ വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. പലയിടത്തും പൈപ്പുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു. വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്‍റെ റൂമിന് മുന്നിൽ ബക്കറ്റുകളുമായി കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചത്തേക്കാണ് ക്ലാസുകൾ ഓൺ ലൈനായി നടത്തുക.
ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതി പരിശോധിച്ച് തുടർ നടപടിയെടുക്കും. അതേസമയം പൈപ്പുകൾ മുറിച്ചു മാറ്റിയ സംഭവത്തിൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി.