24.4 C
Iritty, IN
April 23, 2024
  • Home
  • Uncategorized
  • കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് 2 മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ
Uncategorized

കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് 2 മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ

കോഴിക്കോട്: കത്തുന്ന വേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ പരക്കം പായുമ്പോള്‍ തങ്ങളുടെ കണ്‍മുന്‍പില്‍ ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം ഓരോ ദിവസവും പാഴായിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഒരു നാട്. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട ചേരിഞ്ചാലിലാണ് ‘ജല്‍ ജീവന്‍’ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി രണ്ട് മാസത്തോളമായി വെള്ളം പാഴാവുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടും അല്ലാതെയും നിരവധി തവണ പരാതി അറിയിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈയിടെ പൈപ്പ് പൊട്ടി തെങ്ങോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നുപൊങ്ങിയ പന്തീര്‍പാടം എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പന്തീര്‍പാടം ഉള്‍ക്കൊള്ളുന്ന കുന്ദമംഗലം പഞ്ചായത്തില്‍ തന്നെയുള്ള മറ്റൊരു പ്രദേശമാണ് ചേരിഞ്ചാല്‍. ഒരു മാസത്തോളം മുന്‍പാണ് പന്തീര്‍പ്പാടത്ത് പൈപ്പ് പൊട്ടിയത്. ഇതിനെ തുടര്‍ന്ന് സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പരിഹരിക്കപ്പെട്ടത്.
ഫണ്ടിന്റെ ദൗര്‍ലഭ്യം മൂലം അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാര്‍ ജോലിക്ക് തയ്യാറാവുന്നില്ലെന്നാണ് അധികൃതര്‍ മറുപടി നല്‍കുന്നതെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

വാര്‍ഡിലെ മേലേ അമ്പന്നൂര്‍ പ്രദേശത്ത് കിണറില്ലാത്ത പത്തോളം കുടുംബങ്ങള്‍ വെള്ളത്തിനായി ഈ പദ്ധതിയെയാണ് പൂര്‍ണമായും ആശ്രയിച്ചിരുന്നത്. പൈപ്പ് പൊട്ടിയതോടെ ഇവരുടെ ജലലഭ്യത ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. റോഡില്‍ സീബ്രാലൈന്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് മധ്യഭാഗത്തു തന്നെയായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി ഇവിടെ ഒരു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്കും ബാരിക്കേഡ് സ്ഥാപിച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പൈപ്പ് പൊട്ടിയതിന് സമീപത്ത് തന്നെയാണ് പ്രദേശത്തെ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നത്. സീബ്രാലൈന്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാതായതോടെ ഇവിടേക്ക് കുട്ടികളുമായെത്തുന്ന രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കേണ്ട അംഗന്‍വാടിയാണിത്. ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുമ്പോഴേക്കെങ്കിലും അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ചേരിഞ്ചാലിലെ ജനങ്ങള്‍.

Related posts

ആരോഗ്യനില വഷളായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി 22കാരി

Aswathi Kottiyoor

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

Aswathi Kottiyoor

സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം’; കൊല്ലത്ത് വൻ ഭൂരിപക്ഷം കിട്ടുമെന്ന് മുകേഷ്

Aswathi Kottiyoor
WordPress Image Lightbox