24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കാം, സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്കും അറിയാൻ അവസരം
Uncategorized

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കാം, സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്കും അറിയാൻ അവസരം

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനം നാളെ നിലവില്‍ വരും. നാളെ മുതൽ തന്നെ നാമനിർദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങും. മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയുക.
തിരഞ്ഞെടുപ്പ് കമ്മീ ഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങള്‍ ഒഴികെ നാമനിർദേശ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.
പത്രികകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കോ പ്രത്യേക ചുമതലയുള്ള ജോയിൻ്റ് ഇലക്ഷൻ ഓഫീസർമാർക്കോ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്ന് ലഭിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ.
പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. ഈ ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷന്‍ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്ക് അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള കെ വൈ സി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങൾ അറിയാൻ കഴിയുക. സ്ഥാനാർഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാര്‍ട്ടിയുടെ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയാണ് ലഭിക്കുക. സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക, പിന്‍വലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

Related posts

മഴ, മിന്നൽ, ചുഴലിക്കാറ്റ്; വ്യാപകനാശം

Aswathi Kottiyoor

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor

ശിവപുരം പുത്തൻകുളം നവീകരണ പ്രവൃത്തികൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox