ഇരിട്ടി: കനത്ത മഴയെ തുടർന്നുള്ള ചുഴലിക്കാറ്റിൽ എടക്കാനത്ത് വീണ്ടും കൃഷി നാശം. ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ എടക്കാനം സ്കൂളിന് സമീപം മഠത്തിനകത്ത് തോമസിന്റെ ടാപ്പിംഗ് നടത്തുന്ന പന്ത്രണ്ട് റബർ മരങ്ങൾ പൊട്ടി വീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും എടക്കാനം പുഴക്കരയിലും സ്ക്കൂൾ ഭാഗത്തും കനത്ത നാശനഷ്ടമുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് വ്യാപക കൃഷിനാശം. നിരവധിപേരുടെ വാഴ, റബർ തുടങ്ങിയ കാർഷിക വിളകൾ നശിച്ചു. വാസു കാമ്പിശേരിയിലിന്റെ വാഴത്തോട്ടം നശിച്ചു. മുന്നൂറോളം കുലച്ച നേന്ത്ര വാഴകൾ ഉൾപ്പടെയുള്ളതോട്ടമാണ് നശിച്ചത്. സി.കെ. ആഷിക്കിന്റെ ടാപ്പുചെയ്യുന്ന നൂറോളം റബർ, കുറ്റിയിൽ സോമരാജൻ, തറപ്പേൽ ബെന്നി എന്നിവരുടെ റബർ മരങ്ങളും നശിച്ചു. പറപ്പള്ളി കുഞ്ഞുമാണിയുടെ അൻപതോളം നേന്ത്രവാഴകകളു നശിച്ചു.
മട്ടന്നൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഓട്ടോയ്ക്ക് മുകളിൽ വീണു ഡ്രൈവർക്ക് പരിക്കേറ്റു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പാലയോടായിരുന്നു അപകടം.
കണ്ണൂർ ഭാഗത്ത് നിന്ന് യാത്രക്കാരുമായി മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയ്ക്ക് മുകളിൽ റോഡരികിലെ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. പരിക്കറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. മരം വീണതിനെ തുടർന്ന് മട്ടന്നൂർ – കണ്ണൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
കുത്തുപറമ്പ്: വേങ്ങാട് മുണ്ടമെട്ടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. ആയ്യാറത്ത് ഉമേഷ് ബാബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ വയറിംഗ് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മട്ടന്നൂർ: കനത്ത മഴയിൽ ഇടിമിന്നലേറ്റ് വീടിന് നാശം. കല്ലൂരിലെ വയലാളി മാധവിയുടെ വീടിനാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. വയറിംഗ് കത്തി നശിക്കുകയും, ടൈൽസ് പൊട്ടിത്തെറിക്കുകയും, ചുമർ വിണ്ടുകീറുകയും ചെയ്തു. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചന്ദനക്കാംപാറ: നറുക്കുംചീത്ത പ്രദേശത്ത് ഇന്നലെ വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം. നറുക്കുംചീത്തയിലെ വരമ്പകത്ത് ദേവസ്യയുടെ ടാപ്പിംഗ് നടത്തിവരുന്ന ആറ് റബർ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും നശിച്ചു. വൈദ്യുതി ലൈനുകളും മരം വീണ് തകരാറിലായി. റോഡിലേക്ക് പൊട്ടിവീണ മരങ്ങൾ ഗതാഗത തടസത്തിനും കാരണമായി. വടക്കേൽ ബിജു, മുള്ളൻകുഴിയിൽ ബാബു, പന്നിമൂക്കൻമണ്ണിൽ ഓമനദാസ്, ഏർത്തോട്ടയിൽ ബെന്നി എന്നിവർ മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.