23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • 2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം
Uncategorized

2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം

ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്നാണ് ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിനുള്ള വിശേഷണം. 1999ലെ പൊതു തെരഞ്ഞെടുപ്പില്‍ 61.95 കോടി പേരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് 97 കോടിയോളമെത്തി നില്‍ക്കുകയാണ്.

1951-52 കാലത്ത് നടന്ന ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 17.32 കോടി വോട്ടർമാരാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ നിന്ന് 45 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1952ല്‍ തന്നെ ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രത്തോളം പേർ വോട്ട് ചെയ്തത് ലോക രാജ്യങ്ങള്‍ക്കെല്ലാം വലിയ അത്ഭുതമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ കന്നി ജനാധിപത്യ വോട്ടിംഗ് വന്‍ പരാജയമാകും എന്ന് പലരും പ്രവചിച്ചിരുന്നു. 1952 ഉം പിന്നിട്ട് ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം രാജ്യത്ത് ഏറി. സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 61.95 കോടിയാളുകളാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്.

2004ലെ പൊതു തെരഞ്ഞെടുപ്പില്‍ 67.14 പേരും 2009ല്‍ 71.41 കോടി പേരും വോട്ടർ പട്ടികയില്‍ ഇടംനേടി. 2014ല്‍ ചരിത്രത്തിലാദ്യമായി വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം എണ്‍പത് കോടി പിന്നിട്ടു. 2014ല്‍ 81.57 കോടി വോട്ടർമാരാണ് പോളിംഗിനായി രജിസ്റ്റർ ചെയ്തിരുന്നത്. 2019ല്‍ വീണ്ടുമുയർന്ന കണക്ക് 89.78 കോടിയിലെത്തി. 20224 ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ പൗരന്‍മാരുടെ എണ്ണം 97 കോടിക്ക് അരികെ എത്തിനില്‍ക്കുന്നു. അന്തിമ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇതേ വളർച്ച തുടർന്നാല്‍ 100 കോടി വോട്ടർമാർ എന്ന മാന്ത്രിക സംഖ്യ വരും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഭേദിക്കും എന്നുറപ്പ്.

പതിനെട്ടാം ലോക്സഭയിലേക്കാണ് തെരഞ്ഞെടുപ്പ് 2024ല്‍ നടക്കുന്നത്. രാജ്യത്തെ 543 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടം പിന്നിട്ട് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടിംഗ് നടക്കും.

Related posts

സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ കുടുങ്ങും; കുടുംബശ്രീ വിവരങ്ങള്‍ ശേഖരിക്കുന്നു.

Aswathi Kottiyoor

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

Aswathi Kottiyoor

യുവതിയുമായി പരിചയമുള്ള സമയത്തെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox