പേരാമ്പ്ര: നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ അമ്മയെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍. ലിനിയുടെ അമ്മ രാധയെ സന്ദർശിച്ച കാര്യം ഫേസ്ബുക്കിലൂടെ ശൈലജ ടീച്ചര്‍ തന്നെയാണ് അറിയിച്ചത്. ലിനിയുടെ വേര്‍പാടിന് ശേഷം മക്കളെയും കുടുംബാംഗങ്ങളെയും കാണുകയും, സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യത്തോടെ കുടുംബം അതിജീവിച്ചത് ആശ്വാസകരമാണെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.
നിപാ വൈറസിന്‍റെ ആദ്യത്തെ കേസിൽ നിന്ന് തന്നെ ലിനി സിസ്റ്റർക്ക് പകർച്ചയുണ്ടായി എന്നതാണ് മരണകാരണമായി മാറിയത്. പേരാമ്പ്ര ആശുപത്രിയിൽ സാബിത്ത് എന്ന് പേരുള്ള നിപാ ബാധിതനെ പരിചരിക്കുന്നതിനിടയിൽ എല്ലാ സുരക്ഷാക്രമങ്ങളും പാലിച്ചിരുന്നുവെങ്കിലും ഈ വൈറസിന്‍റെ പ്രഹരശേഷിയെക്കുറിച്ച് പൂർണ്ണമായും ധാരണയില്ലാതിരുന്ന ആദ്യ നാളുകളിൽ സിസ്റ്റർ ലിനിക്ക് രോഗ പകർച്ചയുണ്ടാവുകയായിരുന്നു.
എന്നാൽ, വൈറസ് ബാധിതയാണെന്ന് അറിഞ്ഞിട്ടും ആശുപത്രി ഐസൊലേഷൻ വാർഡിൽ സിസ്റ്റർ ലിനി കാണിച്ചിട്ടുള്ള ധൈര്യവും സഹപ്രവർത്തകരോടുള്ള സ്നേഹവും ഒരിക്കലും മറക്കാൻ കഴിയില്ല. മറ്റു ജീവനക്കാർ തന്നോട് കൂടുതൽ അടുത്ത് പെരുമാറുന്നത് സിസ്റ്റർ ലിനി തന്നെ വിലക്കിയിരുന്നു, കുടുംബാംഗങ്ങളും അടുത്തുവരാൻ പാടില്ല എന്ന വിവരം ലിനി തന്നെ അറിയിക്കുകയായിരുന്നു.
മരണപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഐസൊലേഷൻ വാർഡിൽ നിന്നും ലിനി ഭർത്താവ് സജീഷിന് എഴുതിയ കത്ത് ഇപ്പോഴും കേരളത്തിനാകെ നൊമ്പരമാണ്. താൻ യാത്രയാവുകയാണെന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും തന്നെയോർത്ത് വിഷമിക്കരുതെന്നും ലിനി സജീഷിനെ ആശ്വസിപ്പിക്കുകയായിരുന്നു. നിപാ കാലത്ത് കേരളത്തിലെ ആരോഗ്യ മന്ത്രിയായിരുന്നു ശൈലജ ടീച്ചര്‍. ലിനിയുടെ കുടുംബത്തോട് അന്ന് മുതല്‍ പ്രത്യേക കരുതല്‍ ശൈലജ ടീച്ചര്‍ തുടരുന്നുണ്ട്.