24.6 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • ഇപ്റ്റ – വി.ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം കെപിഎസി ലീലയ്ക്ക്
Uncategorized

ഇപ്റ്റ – വി.ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം കെപിഎസി ലീലയ്ക്ക്

തൃശൂർ: ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍-ഇപ്റ്റ തൃശൂര്‍ ഘടകം ഏര്‍പ്പെടുത്തിയ രണ്ടാമത് വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം കെപിഎസി ലീലയ്ക്ക് സമ്മാനിക്കും. ആദ്യ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ക്കാണ് സമ്മാനിച്ചത്. മലയാള നാടക വേദിക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് കലാകാരന്മാര്‍ക്കായി, സാമൂഹ്യപരിഷ്‌കര്‍ത്താവുകൂടിയായ വി.ടിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കലാമണ്ഡലത്തില്‍ നിന്ന് നൃത്തം പഠിച്ച ലീല, ‘മുന്തിരിച്ചാറില്‍ കുറേ കണ്ണുനീര്‍’ എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. ഒന്നര പതിറ്റാണ്ടിലേറെ കാലം കെപിഎസിയുടെ വേദികളില്‍ തിളങ്ങി. തോപ്പില്‍ ഭാസിയുടെ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും എത്തി.

മൂവാറ്റുപുഴ പാമ്പാക്കുട ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റുകാരായ കുര്യാക്കോസ്-മറിയാമ്മ ദമ്പതികളുടെ പുത്രിയായി ജനനം. കെപിഎസിയിലെ വാദ്യോപകരണ വിദഗ്ധനായ ഡേവിഡിനൊപ്പം വിവാഹജീവിതം ആരംഭിച്ചു. ഇടക്കാലത്ത് അഭിനയജീവിതം അവസാനിപ്പിച്ചെങ്കിലും നാടക വേദികളിലെ അവരുടെ ഇടപെടലുകള്‍ പുതിയ തലമുറകള്‍ക്ക് മാര്‍ഗം തെളിച്ചു.

‘ഒരു പെണ്ണും രണ്ടാമനും’ എന്ന ചിത്രത്തിലൂടെ മരിയ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കെപിഎസി ലീല തിരിച്ചുവരവ് നടത്തി. 2018ല്‍ രൗദ്രം എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെ അനശ്വരമാക്കി സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ഏറ്റവുമൊടുവില്‍ വിജയരാഘവന്റെ ജോഡിയായി പൂക്കാലം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

ഇപ്റ്റ ഏര്‍പ്പെടുത്തിയ വി ടി സ്മാരക പുസ്‌കാരം 2024 ഫെബ്രുവരി 12ന് വൈകീട്ട് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന വി ടി ഭട്ടതിരിപ്പാട്-ഒഎന്‍വി സ്മരണയില്‍ കെപിഎസി ലീലയ്ക്ക് സമ്മാനിക്കും.

Related posts

കർഷക പ്രതിഷേധത്തിനിടെ കരിമ്പിന്റെ ന്യായവില ഉയർത്തി കേന്ദ്ര സർക്കാർ

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം; കോടതിയലക്ഷ്യ കേസ് ഒഴിവാക്കാൻ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍

Aswathi Kottiyoor

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox