ഈ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് മാസമായി ശുദ്ധജലക്ഷാമം രൂക്ഷമാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങൾ ഇതുമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ടാങ്കറിൽ ശുദ്ധജലം ഇടയ്ക്കിടെ വിതരണം ചെയ്യുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. അധികം ആളുകൾക്കും കുടിവെള്ളം കിട്ടാറില്ല. ഈ ഭാഗങ്ങളിലെ കിണറുകൾ ഉപയോഗശൂന്യമായതാണ് കാരണം. പ്രശ്നം പരിഹരിക്കുന്നതിൽ ജലാതോറിറ്റി ഗുരുതര അനാസ്ഥയാണ് കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ശുദ്ധജലം എത്തിക്കുന്ന വാഹനം തടഞ്ഞ ശേഷമാണ് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ പതിനാലാം നമ്പർ റോഡ് ഉപരോധിച്ചത്. രണ്ടു മണിക്കൂർ സമരം നടത്തിയിട്ടും അധികാരികൾ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് തീരദേശ റോഡ് ഉപരോധിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസമായി വലിയഴിക്കൽ, തറയിൽ കടവ് ഭാഗത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടുകയാണെന്നും ഈ ഭാഗങ്ങളിലെ കുഴൽ കിണറുകൾ പ്രവർത്തനരഹിതമാണെന്നും നാട്ടുകാർ പറഞ്ഞു.