25.8 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • കുസാറ്റ് അപകടം: 3 എഞ്ചിനീയറിങ് വിദ്യാർത്ഥികളടക്കം 4 മരണം; 2 പേർ അത്യാസന്ന നിലയിൽ, 64 പേർ ചികിത്സയിൽ
Uncategorized

കുസാറ്റ് അപകടം: 3 എഞ്ചിനീയറിങ് വിദ്യാർത്ഥികളടക്കം 4 മരണം; 2 പേർ അത്യാസന്ന നിലയിൽ, 64 പേർ ചികിത്സയിൽ

ആലുവ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെ വലിയ അപകടം. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.

കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. ആൽബിൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണെന്നും സുഹൃത്തിനൊപ്പം ഇവിടെ എത്തിയതാണെന്നും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ഏഴ് മണിയോടെ പോസ്റ്റ്‌മോർട്ടം നടക്കും. രണ്ട് മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലും രണ്ട് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തും.

അപകടത്തിൽ 64 പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കോഴിക്കോട് പ്രതികരിച്ചു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. മറ്റുള്ളവർ മെഡിക്കൽ കോളേജിനും കിന്റർ, സൺറൈസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരെ കുറിച്ച് അറിയാൻ ഹെൽപ്‌ലൈൻ നമ്പറുകൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവ കേരള സദസിൽ പങ്കെടുക്കുന്ന മന്ത്രിമാർ പി രാജീവും ആർ ബിന്ദുവും കുസാറ്റിലേക്ക് തിരിച്ചു. നവ കേരള സദസ്സിന്റെ നാളത്തെ ആഘോഷ പരിപാടികളും രാവിലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും റദ്ദാക്കി.

Related posts

കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു, ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; തിരച്ചില്‍

Aswathi Kottiyoor

ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ ഞായറാഴ്ച്ച പുനരാരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox