ഐപിഎസ് ലോബിയുടെ സമ്മർദം കാരണമാണ് സർക്കാർ തീരുമാനം വൈകിയതെന്നാണ് സൂചന. ഏപ്രില്‍ മാസത്തില്‍ ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഗുരുതരമായ ആക്രമണത്തിനിരയായ സുഭാഷ് എന്നയാളുടെ പരാതിയിലായിരുന്നു ഇത്. ഐപിസി323, 324, 326, 501(1) അടക്കമുള്ള വകുപ്പുകളാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. നേരക്കെ തമിഴ്നാട് ഡിജിപി സി ശൈലേന്ദ്രബാബു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പി അമുധ ഐഎഎസിന്റെ ഇടക്കാല റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
സർക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതായി രൂക്ഷ വിമർശനം ഉയരാന്‍ കേസ് തമിഴ്നാട്ടില്‍ കാരണമായിരുന്നു. 2020 ബാച്ച് ഐപിഎസ് ഓഫീസറായ ബൽവീർ സിംഗിനെ കേസിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. അംബാസമുദ്രം സബ് ഡിവിഷനിൽ എഎസ്പി ആയിരുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥന്റെ അതിക്രമം. കുറ്റവാളികളെന്ന് സംശയിക്കുന്ന 15 പേരുടെ പല്ലുകള്‍ പറിച്ചെടുത്തെന്നാണ് കേസ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വന്നതിന് പിന്നാലെ അന്വേഷണ സംഘം ഉദ്യോഗസ്ഥനെതിരായ കുറ്റപത്രം സമർപ്പിക്കും. കസ്റ്റഡി പീഡനത്തിനിരയായ പന്ത്രണ്ടോളം പേരുടെ മൊഴികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായിരുന്നു.
പല്ല് നഷ്ടപ്പെട്ടവർ ചികിത്സ തേടാതിരുന്നത് കേസിന്റെ അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. ഇതോടെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരുടെ സഹായം അന്വേഷണ സംഘം തേടിയിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായവർ എഎസ്പി ബല്‍വീര്‍ സിംഗിന്റെ ക്രൂരതകളെ കുറിച്ച് പറഞ്ഞത് വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടാക്കിയത്. വിക്രമസിംഗപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേദ നാരായണന്‍ കടുത്ത ആരോപണങ്ങളാണ് എഎസ്പിക്കെതിരെ ഉന്നയിച്ചത്. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ചെവി മുറിവേല്‍പ്പിക്കുകയും പല്ലുകള്‍ നീക്കം ചെയ്യുകയും ചെയ്‌തെന്ന് 49കാരനായ വേദ നാരായണന്‍ ആരോപിച്ചത്. വിക്രമസിംഗപുരം സ്റ്റേഷനിലെ സിസിടിവി സ്ഥാപിക്കാത്ത മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനവും പീഡനവും. എഎസ്പിയെ കൂടാതെ എസ്‌ഐ മുരുകേശനും ആറു പൊലീസുകാരും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു.
കുടുംബവിഷയത്തില്‍ പരാതിയില്‍ ചോദ്യം ചെയ്യാനാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കൊടുംക്രിമിനലിനെ പോലെയാണ് എഎസ്പി പെരുമാറിയത്. വാര്‍ധക്യസഹജരോഗങ്ങളുണ്ടെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംസാരം ഹിന്ദിയിലായതിനാല്‍ എഎസ്പി പറയുന്നത് മനസിലായിരുന്നില്ല. രണ്ടു പേപ്പറുകളില്‍ ഒപ്പും കയ്യടയാളവും രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും അതില്‍ എന്താണ് എഴുതിയതെന്ന് അറിയില്ലെന്നും വേദ നാരായണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.