24.6 C
Iritty, IN
June 16, 2024
  • Home
  • Kerala
  • ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം; കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു മുഖ്യമന്ത്രി
Kerala

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം; കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു മുഖ്യമന്ത്രി

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം; കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു മുഖ്യമന്ത്രി
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാർഡ് നൽകാൻ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കേരളത്തിന്റെ യശസ് ആഗോളതലത്തിൽ ഉയർത്തിവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി കായികതാരങ്ങൾ മാറുകയാണ്. ഏഷ്യൻ ഗെയിംസിലെ നേട്ടം ഒരു ചവിട്ടുപടിയാണ്. ഒളിംപിക്സ് അടക്കമുള്ളവയിൽ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയർത്താനുമുള്ള ഉത്തേജനമായി മെഡൽ നേട്ടം മാറണം.

ഒളിംപിക്സ് അടക്കമുള്ള ലോകവേദികളിൽ സാന്നിധ്യമറിയിക്കുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്ത കായിക ചരിത്രത്തിന്റെ ഉടമകളാണു കേരളീയർ. ആ ഉയർച്ചയ്ക്ക് ഇടയ്ക്കെപ്പോഴോ ചെറിയ മങ്ങലുണ്ടായെന്നതു വസ്തുതയാണ്. കായികരംഗത്തു നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണു കായിക നയം രൂപീകരിച്ചത്. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം പോലുള്ള പദ്ധതികൾ നടപ്പാക്കിയും പ്രാദേശിക സ്പോർട്സ് കൗൺസിലുകൾ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുന്നതിനു ശ്രമിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനു വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷത്തിനിടെ 703 കായികതാരങ്ങൾക്കു സ്പോർട്സ് ക്വാട്ട മുഖേന സംസ്ഥാന സർക്കാർ നിയമനം നൽകിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടര വർഷംകൊണ്ട് 65 പേർക്കു നിയമനം നൽകി. 2010 – 2014 ഘട്ടത്തിലുള്ള റാങ്ക് ലിസ്റ്റിൽനിന്നാണ് ഈ നിയമനങ്ങൾ. ഇതിനു പുറമേ പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ 31 പേർക്കും കെ.എസ്.ഇ.ബിയിൽ 27 പേർക്കും നിയമനം നൽകി. 2015 – 2019 കാലയളിവിലെ സ്പോർട്സ് ക്വാട്ട നിയമന നടപടികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. ഈ വർഷംതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഇതിനു പുറമേയാണു പൊലീസിലും കെ.എസ്.ഇ.ബിയിലുമുള്ള സ്പോർട്സ് ക്വാട്ട നിയമനം.

2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വാട്ട നിയമനം പ്രത്യേക സാഹചര്യത്തിൽ മുടങ്ങിക്കിടന്നിരുന്നു. 2016ലാണ് ഇതു പുനരാരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 409 പേർ അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ 250 പേർക്കും നിയമനം നൽകാനായി. അതിനു മുൻപുള്ള അഞ്ചു വർഷം 110 പേർക്കായിരുന്നു നിയമനം എന്നോർക്കണം. 2015ൽ ദേശീയ ഗെയിസിൽ മെഡൽ നേടിയ 83 കായികതാരങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് അന്നത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ആ കായികതാരങ്ങൾക്കു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത് 2016ലെ സർക്കാരാണ്. അതോടൊപ്പം സന്തോഷ് ട്രോഫി വിജയികളായ കേരള ടീമിൽ ജോലി ഇല്ലാതിരുന്ന 11 കളിക്കാർക്കും നിയമനം നൽകി. അവശ കായികതാരങ്ങളുടെ പെൻഷൻ 1300 രൂപയായി വർധിപ്പിച്ചു. പെൻഷൻ അർഹത ലഭിക്കുന്ന വരുമാന പരിധി 20,000ൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. കായികതാരങ്ങളെ എത്രമാത്രം കരുതലോടെയാണു സർക്കാർ സമീപിക്കുന്നതെന്നതിന്റെ ദൃഷ്ടാന്തങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തിൽ മത്സരിച്ച കായികതാരങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ കായിക പരിശീലനത്തിനു നിയോഗിച്ചു ജോലി ലഭ്യമാക്കുന്നതു സംസ്ഥാന കായിക നയത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നാലു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 4×400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയിൽ പി. ആർ. ശ്രീജേഷും ക്രിക്കറ്റിൽ മിന്നുമണിയും സ്വർണം നേടി. എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് അജ്മൽ, എം. ശ്രീശങ്കർ, ആൻസി സോജൻ എന്നിവർ വെള്ളിയും പ്രണോയ്, ജിൻസൺ ജോൺസൺ എന്നിവർ വെങ്കലവും നേടി. എല്ലാ കായികതാരങ്ങളേയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മിന്നുമണിക്കു വേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി. ഏഷ്യൻ ഗെയിംസിനായി കായിക താരങ്ങളെ ഒരുക്കിയ പരിശീലകരേയും മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും മന്ത്രിമാർ സംസ്ഥാനത്തിന്റെ ആദരമായി മൊമെന്റോ സമ്മാനിച്ചു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ജെ. ചിഞ്ചുറാണി, ഡോ. ആർ. ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ, സ്പോർസ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ്അലി, എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പാൾ ഡോ. ജി. കിഷോർ, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി, കായികതാരങ്ങളുടെ കുടുംബാംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor
WordPress Image Lightbox