ഇരിട്ടി: കണ്ണൂർ ഉളിക്കൽ ടൗണിൽ ജനജീവിതം സ്തംഭിപ്പിച്ച് കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരന്ത നിവാരണ നിയമം പ്രയോഗിക്കണമെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ). വനം 15 കിലോമീറ്റർ ദൂരത്ത് ആയതിനാണെങ്കിലും ജനങ്ങളുടെ ജീവൻ തുലാസിലാക്കി ഇത്രയും ദൂരം കാട്ടാനയെ തുരത്തുക പ്രായോഗികമല്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതിനാൽ ജില്ല കലക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കാട്ടാനയെ വെടിവെച്ച് മാറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ജനപ്രതിനിധികൾ ഈ വിഷയം ഉന്നയിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണം ഉറപ്പാക്കണമെന്നും കിഫ കണ്ണൂർ ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു.