• Home
  • Uncategorized
  • തലശ്ശേരിയിൽ പേ പാർക്കിങ്ങിന് തുടക്കത്തിലേ അമർഷം
Uncategorized

തലശ്ശേരിയിൽ പേ പാർക്കിങ്ങിന് തുടക്കത്തിലേ അമർഷം

തലശ്ശേരി: നഗരത്തിൽ പേ പാർക്കിങ് സംവിധാനം നടപ്പിലാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തുടക്കത്തിലേ കല്ലുകടി. ഓണത്തിന് മുന്നോടിയായി പേ പാർക്കിങ് സംവിധാനം നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ തുടക്കത്തിൽ പഴയ ബസ് സ്റ്റാൻഡ് ജനറൽ ആശുപത്രി റോഡിൽ പേ പാർക്കിങ് സംവിധാനം ഓണത്തിന് മുന്നേ നടപ്പാക്കാമെന്നും ധാരണയായി. ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ പേ പാർക്കിങ്ങ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്.

തിങ്കളാഴ്ച രാവിലെ ആശുപത്രി റോഡിൽ ഇതിന്റെ പ്രാഥമിക നടപടികൾ തുടങ്ങുമ്പോഴേക്കും പ്രതിഷേധം ഉയർന്നു. ആശുപത്രി റോഡിലെ ഏതാനും വ്യാപാരികളും യൂത്ത് ലീഗ് നേതാക്കളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസ് ഉദ്യോസ്ഥരുമെത്തി പാർക്കിങ് ലൈൻ അടയാളപ്പെടുത്താൻ ആശുപത്രി റോഡ് താൽക്കാലികമായി അടച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

രാവിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ റോഡ്‌ മുഴുവൻ തൂത്തുവാരിയ ശേഷമാണ് പാർക്കിങ് ലൈൻ വരക്കാനുളള നടപടികൾ ആരംഭിച്ചത്. തങ്ങളൊന്നുമറിയാതെയാണ് നഗരസഭ ഏകപക്ഷീയ തീരുമാനം കൈകൊണ്ടതെന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം.

ഇതിനിടെ പ്രതിഷേധവുമായി യൂത്ത് ലീഗുകാരും രംഗത്തെത്തി. പേ പാർക്കിങ് നടപ്പിലാക്കിയാൽ ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതാകുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്.

പാർക്കിങ്ങിന് കുടുംബശ്രീ പ്രവർത്തകരെയാണ് ഫീസ് പിരിക്കാൻ ചുമതലപ്പെടുത്തുന്നത്. പ്രതിഷേധത്തിന് തടയിടാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്തെത്തി. പേ പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയാൽ പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരത്തിന് മാന്ദ്യം നേരിടുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരി സംഘടനകളുടെയും യോഗം വിളിച്ചുകൂട്ടാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം പേ പാർക്കിങ് സംവിധാനം നടപ്പാക്കുമെന്നാണ് സൂചന.

Related posts

ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും

Aswathi Kottiyoor

‘അഭിഭാഷകന്റെ സേവനം വേണ്ട, സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമനിക് മാർട്ടിൻ കോടതിയിൽ

Aswathi Kottiyoor

ആദ്യനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ‘ബാലികേറാമലയല്ല’; നികുതിദായകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Aswathi Kottiyoor
WordPress Image Lightbox