23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • അതിഥിത്തൊഴിലാളികൾക്കുള്ള ഓണസമ്മാനം ; റേഷന്‍ റൈറ്റ് കാര്‍ഡ്‌ പദ്ധതി തുടങ്ങി
Kerala

അതിഥിത്തൊഴിലാളികൾക്കുള്ള ഓണസമ്മാനം ; റേഷന്‍ റൈറ്റ് കാര്‍ഡ്‌ പദ്ധതി തുടങ്ങി

അതിഥിത്തൊഴിലാളികൾക്ക്‌ കേരളത്തിന്റെ ഓണസമ്മാനമായി റേഷൻ റൈറ്റ് കാർഡ് പദ്ധതി. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിപ്രകാരം ദാരിദ്ര്യവിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഏത് സംസ്ഥാനത്തെയും റേഷൻകടകളിൽനിന്ന്‌ റേഷൻ വിഹിതം വാങ്ങാം. എന്നാൽ, റേഷൻ വ്യാപാരികൾക്കും അതിഥിത്തൊഴിലാളികൾക്കും ഇക്കാര്യത്തിൽ കാര്യമായി അറിവില്ല. ആ അറിവ് പകർന്ന്‌ അർഹർക്ക് റേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയത്.

അസമീസ്‌, ബംഗാളി, തമിഴ്, ഹിന്ദി, കന്നട, ഒഡിയ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ്. ആധാറുമായി റേഷൻ കാർഡ്‌ ബന്ധിപ്പിച്ചവർക്കാണ് ഈ സേവനം ലഭ്യമാകുക. റേഷൻ വാങ്ങാനെത്തുന്ന അതിഥിത്തൊഴിലാളികൾ ആധാറും കൈയിൽ കരുതണം. എല്ലാ മാസത്തെയും ആദ്യദിവസം അതിഥിത്തൊഴിലാളികൾക്ക് റേഷൻ വാങ്ങാൻ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥിത്തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്‌. പിന്നീട്‌ വ്യാപിപ്പിക്കും.

റേഷൻ ഉറപ്പാക്കും: 
മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുതെന്നതാണ്‌ സർക്കാരിന്റെ നയമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ ലക്ഷ്യത്തിൽ ഊന്നിയാണ് റേഷൻ റൈറ്റ് കാർഡ് പദ്ധതി ആവിഷ്‌കരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. അതിഥിത്തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കുന്ന റേഷൻ റൈറ്റ് കാർഡിന്റെ സംസ്ഥാന വിതരണോദ്ഘാടനം പെരുമ്പാവൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. അതിൽ ഏഴായിരത്തോളം പേർക്ക് റേഷൻ കാർഡ് ഇല്ലായിരുന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന മുന്നൂറോളംപേരെ കണ്ടെത്താനായിട്ടില്ല. അവരൊഴികെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. പൊതുവിതരണ ഉപഭോക്തൃ കമീഷണർ ഡോ. ഡി സജിത് ബാബു, പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാപഞ്ചായത്ത്‌ അംഗം ശാരദ മോഹൻ, കുന്നത്തുനാട് തഹസിൽദാർ ജോർജ് ജോസഫ്, ബാബു ജോസഫ്, രാജേഷ് കാവുങ്കൽ, എസ് വി ദിനേശ്, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, ടി പി അനിൽ എന്നിവർ സംസാരിച്ചു.

Related posts

1500 പേർക്ക്‌ തൊഴിൽ ; മഹാമാരിയിലും കുതിച്ച്‌ ടെക്‌നോപാർക്ക്‌

Aswathi Kottiyoor

ഇ‐ഹെല്‍ത്ത് പദ്ധതി വിപുലീകരിക്കും; 14.99 കോടിരൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

മ​ധു വ​ധ​ക്കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
WordPress Image Lightbox