• Home
  • Kerala
  • കെടുത്താനാകില്ല ആ ഓർമകളെ ; വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌
Kerala

കെടുത്താനാകില്ല ആ ഓർമകളെ ; വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌

അമ്മയ്‌ക്കും അച്ഛനും ജീവന്റെ ജീവനായിരുന്നു ആ പൊന്നുമകൾ. അവൾ ഡോക്ടറായി കാണാൻ അവർ കൊതിച്ചു. പക്ഷേ, ആശുപത്രിയിൽ ചികിത്സക്കെത്തിയ നരാധമൻ അവളുടെ ജീവൻ കെടുത്തി. ഈ ബിരുദദാനച്ചടങ്ങിന്‌ അവളില്ല. ഹൃദയം നുറങ്ങുന്ന വേദനയോടെ മകളുടെ എംബിബിഎസ്‌ ബിരുദസർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങിയ അമ്മയുടെ കണ്ണിൽനിന്നും ഓർമകൾ വാർന്നൊഴുകി. ദുഃഖം ഉള്ളിലൊതുക്കി അച്ഛൻ നിർവികാരനായി നിന്നു. കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന്‌ എത്തിയവരുടെ നെഞ്ചിൽ വിങ്ങുന്ന വേദനയായി ഡോ. വന്ദനദാസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരിക്കെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനാണ്‌ മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ ബിരുദം നൽകിയത്‌. അച്ഛൻ കോട്ടയം മുട്ടുചിറ നമ്പിച്ചിറ കാലായിൽ ( കാളിപറമ്പ്‌) കെ ജി മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്നാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാനിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങിയത്‌. സർട്ടിഫിക്കറ്റിൽ മകൾ വന്ദനയുടെ മുഖം കണ്ടതോടെ ദുഃഖം താങ്ങാനാവാതെ അമ്മ പൊട്ടിക്കരഞ്ഞു. അമ്മയെ ഗവർണർ ആശ്വസിപ്പിച്ചു. സദസ്സിലേക്ക്‌ മടങ്ങിയപ്പോഴും അമ്മ സർട്ടിഫിക്കറ്റ്‌ നെഞ്ചോടുചേർത്തുപിടിച്ചു.

എംബിബിഎസ്‌ പൂർത്തിയാക്കി ഹൗസ്‌ സർജൻസിക്കിടെയാണ്‌ വന്ദനദാസ്‌ കൊല്ലപ്പെട്ടത്‌. എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌ അനുവദിച്ചാൽ മകളുടെ ഓർമയായി സൂക്ഷിക്കാമായിരുന്നുവെന്ന്‌ അച്ഛൻ വൈസ്‌ ചാൻസലർ മോഹൻ കുന്നുമ്മലിനെ അറിയിച്ചിരുന്നു. തുടർന്ന്‌ സർവകലാശാലാ ഗവേണിങ് കൗൺസിലാണ്‌ ഡോ. വന്ദന ദാസിന്‌ മരണാനന്തര ബഹുമതിയായി സർട്ടിഫിക്കറ്റ്‌ നൽകാൻ തീരുമാനിച്ചത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌.

മെയ്‌ 10ന് പുലർച്ചെയാണ്‌ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജനും മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയുമായ ഡോ. വന്ദനദാസിനെ (25) പൊലീസ്‌ ചികിത്സയ്‌ക്കെത്തിച്ച സന്ദീപ് കൊലപ്പെടുത്തിയത്‌.

Related posts

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ കൂ​ടു​ത​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളും തു​ട​ങ്ങും

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും.

Aswathi Kottiyoor

കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ ; സംസ്ഥാന സർക്കാർ 25.25 കോടി
രൂപകൂടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox