• Home
  • Uncategorized
  • ബന്ധുവായ യുവതിക്കൊപ്പം ഇരുന്നതിന് യാത്രക്കാരനെ തല്ലി, തെറിപറഞ്ഞു; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍ –
Uncategorized

ബന്ധുവായ യുവതിക്കൊപ്പം ഇരുന്നതിന് യാത്രക്കാരനെ തല്ലി, തെറിപറഞ്ഞു; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍ –

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്നു യാത്രചെയ്തതിനു യാത്രക്കാരനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള കൃഷ്ണവിലാസത്തില്‍ സുരേഷ്‌കുമാ(42)റിനെയാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ അടുത്തുനിന്നു മാറിയിരിക്കാന്‍ പറഞ്ഞത് അനുസരിക്കാത്തതിനു യാത്രക്കാരനെ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.

ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് യാത്രയ്ക്കിടെ ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കുപോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാട്ടാക്കടയ്ക്കു പോകാന്‍ തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്ന് യാത്രചെയ്തതുകണ്ട കണ്ടക്ടര്‍ യുവാവിനോടു മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഋതിക് മാറിയിരുന്നില്ല. ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ വീണ്ടുമെത്തി തന്റെ ചെവിയില്‍ അസഭ്യം പറയുകയായിരുന്നുവെന്ന് ഋതിക് പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമായി. തുടര്‍ന്ന് കണ്ടക്ടര്‍ ടിക്കറ്റ് മെഷീന്‍ കൊണ്ട് ഋതിക്കിനെ അടിക്കുകയും നിലത്തിട്ട് ഉപദ്രവിക്കുകയും ചെയ്തതായി യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പോലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.

എന്നാല്‍, യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരേ പരാതിപ്പെട്ടതോടെ പോലീസ് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു. ബസിനുള്ളില്‍ കണ്ടക്ടര്‍ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഋതിക്കിനെ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കാട്ടാക്കട പോലീസ് ആശുപത്രിയിലെത്തി ഋതിക് കൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കണ്ടക്ടര്‍ സുരേഷ്‌കുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് പോലീസ് പറഞ്ഞു. യാത്രക്കാരോട് മോശമായി പെരുമാറിയതിന് കണ്ടക്ടര്‍ സുരേഷ്‌കുമാറിനെതിരേ മുമ്പും നടപടി ഉണ്ടായിരുന്നതായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പറയുന്നു.

Related posts

ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മിന്നല്‍ പരിശോധന; ജീവനക്കാരില്ല: ക്ഷോഭിച്ച് മന്ത്രി

Aswathi Kottiyoor

മണിപ്പൂർ സംഘർഷം: വെടിവെപ്പിൽ 7 പേർക്ക് പരിക്ക്: തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്ന് കരസേന

Aswathi Kottiyoor

പകൽ ഒളിവിൽ, രാത്രി ഗുണ്ടകൾ: എബിസിക്ക് പിടി കൊടുക്കാതെ തെരുവുനായ്ക്കൾ

Aswathi Kottiyoor
WordPress Image Lightbox