24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ
Kerala

ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ

ഒഡീഷയിലെ ബാലസോറിൽ മുന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിക്കുവാൻ ഇടയായ സംഭവത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നൽ സംവിധാനത്തിൽ മുമ്പ് നടത്തിയ സിഗ്നലിംഗ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകൾ, അടുത്തുള്ള ലെവൽ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികൾ നടത്തിയതിലെ പാളിച്ചകൾ എന്നിവ കാരണം ചെന്നൈയിലേയ്‌ക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 12841) തെറ്റായി പച്ചസിഗ്നൽ കൊടുക്കുകയും എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീ‍ഴ്‌ചകളും കാരണം ഇത് മെയിൻ ലൈനിനു പകരം സ്റ്റേഷനോട് ചേർന്നുള്ള ലൂപ്പ് ലൈനിലേയ്‌ക്ക് കണക്‌ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രട്രെയിൻ ഗതി മാറി ലൂപ്പ് ലൈനിൽ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകിൽ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്ന് ഗവൺമെന്റ് തുറന്ന് സമ്മതിച്ചു.

റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പൊറുക്കാനാവാത്ത അശ്രദ്ധയും വീഴ്‌ചയും അനാസ്ഥയുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് റെയിൽവേ മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. മരിച്ച 295 യാത്രക്കാരിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു.

എന്നാൽ ക‍ഴിഞ്ഞ മുന്ന് കൊല്ലത്തിനിടയിൽ സമാനമായ അപകടങ്ങൾ ഉണ്ടാക്കുവാൻ സാധ്യയുണ്ടായിരുന്ന സിഗ്നൽ വീ‍ഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ ബാലസോറിന് സമാനമായ അപകടം ഉണ്ടാകുന്ന തരത്തിലുള്ള സിഗ്നൽ വീ‍ഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന ഒ‍ഴുക്കൻ മറുപടിയാണ് റെയിൽവേ മന്ത്രാലയം നൽകിയത്.

Related posts

ഇന്ധന വില വര്‍ധന; സംസ്ഥാനെത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Aswathi Kottiyoor

ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്*

Aswathi Kottiyoor

വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox