• Home
  • Kerala
  • ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌
Kerala

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ആറ്‌ പതിറ്റാണ്ടിലേറെ അടുത്ത ബന്ധമുണ്ട്‌. ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിനിടെ 1961–-62 കാലത്താണ്‌ ഉമ്മൻചാണ്ടിയെ പരിചയപ്പെട്ടത്. പിന്നീട് കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും പാർലമെന്ററി പ്രവർത്തനങ്ങളിലും ഒപ്പം പ്രവർത്തിച്ചു. ചങ്ങനാശേരി എസ്ബി കോളേജിൽ ബിഎയ്‌ക്ക്‌ ഒരു ക്ലാസ് മുറിയിലിരുന്നാണ്‌ പഠിച്ചത്‌. പിന്നീട് നിയമപഠനകാലത്ത് അദ്ദേഹം കെഎസ്‌യു പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റുമായി. ഉമ്മൻചാണ്ടി യൂത്ത്‌കോൺഗ്രസ് പ്രസിഡന്റും പുതുപ്പള്ളിയിൽനിന്ന് എംഎൽഎയുമായി. 1982 ഇരിക്കൂറിൽനിന്ന് എനിക്ക്‌ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം ഒരുക്കിയത് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ചേർന്നായിരുന്നു. പിന്നീട്‌ ദീർഘകാലം പാർലമെന്ററി രംഗത്തും പാർടിയിലും ഒരുമിച്ച്‌ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ മന്ത്രിയുമായി.

കക്ഷിഭേദമില്ലാതെ എല്ലാവരുടെയും ആദരവ് സമ്പാദിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. എല്ലാവരോടും നല്ല ബന്ധം പുലർത്തി. രോഗബാധിതനായി നടക്കാൻപോലും ബുദ്ധിമുട്ടായ സന്ദർഭത്തിലാണ് ആലപ്പുഴയിൽ ഭാരത്‌ ജോഡോ യാത്രയിൽ പങ്കാളിയായത്. യാത്ര സംസ്ഥാന അതിർത്തി കടക്കുമ്പോൾ യാത്രയാക്കാൻ നിലമ്പൂരിലുമെത്തി. മടങ്ങുംവഴി കോടിയേരിയുടെ കുടുംബത്തെയും സന്ദർശിച്ചു.

ബംഗളൂരുവിൽ എത്തിയശേഷം പലതവണ സന്ദർശിച്ചിരുന്നു. ബെന്നി ബഹന്നാനും എം എം ഹസ്സനുമൊപ്പം രണ്ടാഴ്‌ച മുമ്പ്‌ എത്തുമ്പോൾ സംസാരിക്കാൻ തീരെ വയ്യാതായിരുന്നു. അദ്ദേഹത്തിന്റെ താൽപ്പര്യം മനസ്സിലാക്കി രാഷ്‌ട്രീയ, സംഘടനാ കാര്യങ്ങൾ അന്നും പറഞ്ഞു കേൾപ്പിച്ചു. ആറര പതിറ്റാണ്ടോളം അടുത്ത വ്യക്തിബന്ധം പുലർത്തിയ അദ്ദേഹം ഇനിയില്ലെന്ന്‌ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

Related posts

കൊ​ച്ചി​യി​ൽ ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

Aswathi Kottiyoor

സൗരയൂഥപ്പിറവി തേടി ലൂസി പുറപ്പെടുന്നു.

Aswathi Kottiyoor

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox