• Home
  • Uncategorized
  • മഴയുടെ തീവ്രത കുറഞ്ഞു, പ്രളയഭീഷണിയിൽ ഉത്തരേന്ത്യ; മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു
Uncategorized

മഴയുടെ തീവ്രത കുറഞ്ഞു, പ്രളയഭീഷണിയിൽ ഉത്തരേന്ത്യ; മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു

ന്യൂഡൽഹി ∙ 3 ദിവസത്തിനുശേഷം മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയഭീഷണി തുടരുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രളയവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 7 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 41 ആയി.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഗംഗോത്രി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ മധ്യപ്രദേശിൽ നിന്നുള്ള 4 തീർഥാടകർ കൊല്ലപ്പെട്ടു. 3 വാഹനങ്ങളും നശിച്ചു. പഞ്ചാബിലും ഹരിയാനയിലും കാലാവസ്ഥ മെച്ചപ്പെട്ടു. എന്നാൽ ഹരിയാനയിലെ അംബാല-ലുധിയാന ദേശീയ പാത ഉൾപ്പെടെ നിരവധി പ്രധാന പാതകൾ ഇനിയും ഗതാഗത യോഗ്യമായിട്ടില്ല.

ഡൽഹിയിൽ യമുനാ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്ന് ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ജുമ്മാഗഡ് നദിയിലെ പാലം പ്രളയത്തിൽ ഒഴുകിപ്പോയതോടെ ഒട്ടേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

ഹിമാചൽപ്രദേശിൽ മുന്നൂറോളം സഞ്ചാരികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. 14,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദേർത്താലിലെ ക്യാംപിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ അയയ്ക്കാനുള്ള ശ്രമം മഞ്ഞുവീഴ്ച മൂലം തടസ്സപ്പെട്ടു. 2,577 ട്രാൻസ്‌ഫോമറുകൾ തകരാറിലായതിനാൽ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈൽ ഫോണും നിലച്ചു. ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചലിൽ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.

കേരള ഹൗസിൽ ഹെൽപ് ഡെസ്ക്

ന്യൂഡൽഹി ∙ മിന്നൽ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചൽപ്രദേശിൽ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ കേരള ഹൗസിൽ ഹെൽപ് ഡെസ്ക് തുറന്നു. ഫോൺ: 011 23747079.

മണാലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ശ്രമം

കൊച്ചി / തൃശൂർ ∙ ഹിമാചലിലെ പ്രളയംമൂലം മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘത്തെ തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ സജീവം. രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടർമാരാണു കുടുങ്ങിക്കിടക്കുന്നത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽനിന്നുള്ള 27 അംഗ സംഘം സുരക്ഷിതരാണെന്നാണു വിവരമെങ്കിലും ഇന്നലെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മണാലിയിൽ നിന്നു 100 കിലോമീറ്റർ അകലെ ഖീർഗംഗയിൽ കുടുങ്ങിയ തൃശൂരിൽ നിന്നുള്ള 18 മലയാളി ഡോക്ടർമാർ മലയിറങ്ങി. ഇവർ ഇന്നു ഡൽഹിക്കു മടങ്ങിയേക്കും.

Related posts

നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു.

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസോടിച്ച് ഗണേഷ് കുമാർ; ട്രയൽ റണ്ണിൽ യാത്രക്കാരായി കെഎസ്ആർടിസി ജീവനക്കാർ

Aswathi Kottiyoor

ആക്രമണം വിവാഹഭ്യർഥന നിരസിച്ചപ്പോൾ’; കുത്തേറ്റ യാത്രക്കാരി അപകടനില തരണംചെയ്തു.

WordPress Image Lightbox