34.7 C
Iritty, IN
May 17, 2024
  • Home
  • Delhi
  • മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു
Delhi Iritty kannur Kelakam Kerala Peravoor Thiruvanandapuram Uncategorized

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

തിരുവനന്തപുരം∙ കേരളത്തിലെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ‘കേരള ബ്രാൻഡ്’ യാഥാർഥ്യമാകുന്നു. ഓരോ വകുപ്പിനു കീഴിലെയും കേരള ബ്രാൻഡ് ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായി സംസ്ഥാന തലത്തിൽ പത്തംഗ സമിതി രൂപീകരിച്ചു. ഉൽപന്ന നിർമാതാക്കളുടെ അപേക്ഷ പരിഗണിച്ച് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകാൻ താലൂക്ക് തല സമിതികൾക്കും വ്യവസായ വകുപ്പ് രൂപം നൽകി. സർട്ടിഫിക്കേഷൻ ലഭിക്കുന്നവർക്കു ട്രേഡ് മാർക്ക് നിയമപ്രകാരം റജിസ്റ്റർ ചെയ്ത ‘മേഡ് ഇൻ കേരള’ ലോഗോ പതിച്ച് ഉൽപന്നങ്ങൾ വിപണിയിലിറക്കാം. രണ്ടു വർഷത്തേക്കാണു സർട്ടിഫിക്കേഷൻ. ഇതിനുശേഷം പുതുക്കാം. വ്യവസായ നയത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു നിലവിൽ വരുന്നത്.

‌ഉൽപന്നത്തിന്റെ അസംസ്കൃത വസ്തുക്കൾ കേരളത്തിലേതായിരിക്കണം, ഉൽപന്ന നിർമാണം കേരളത്തിലായിരിക്കണം, നിർമാണത്തിൽ സ്ത്രീ പങ്കാളിത്തമുണ്ടാകണം, സാങ്കേതികവിദ്യ ഉപയോഗപ്പെടത്തണം, പുനരുപയോഗ ഊർജത്തിനു പ്രാമുഖ്യം വേണം, പരിസ്ഥിതി സൗഹൃദവും സാമൂഹിക പ്രതിബദ്ധവുമായിരിക്കണം എന്നിവയാണു പൊതു മാനദണ്ഡം. ഉൽപാദകനു നേരിട്ട് അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ വഴി ശുപാർശയുമാകാം. ഓരോ ഉൽപന്നത്തിനും പൊതുവേ നിഷ്കർഷിച്ചിട്ടുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇതിൽ പെടാത്തവയ്ക്കു സംസ്ഥാനതല സമിതി മാനദണ്ഡം തയാറാക്കും.

ഉദാഹരണത്തിന്, വെളിച്ചെണ്ണയാണ് ഉൽപന്നമെങ്കിൽ തേങ്ങ കേരളത്തിലേതാകണം. ഉണക്കൽ യൂണിറ്റും സംസ്കരണ യൂണിറ്റും കേരളത്തിലാകണം, അഗ്‌മാർക്ക്, ബിഐഎസ് സർട്ടിഫിക്കറ്റ് വേണം. ഗ്രേഡ് 1 എണ്ണയായിരിക്കണം. വാർഷിക വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ ലൈസൻസുകൾ വേണം.

അപേക്ഷ നൽകേണ്ടതു ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അധ്യക്ഷനായ താലൂക്ക് തല സമിതിക്കാണ്. വകുപ്പിന്റെ ജില്ലാ മേധാവി, വ്യവസായ സംഘടനാ പ്രതിനിധി, ഉൽപന്ന മേഖലയിലെ ഗവേഷണ സ്ഥാപന പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതി തീരുമാനമെടുക്കും. നിശ്ചിത ഇടവേളകളിൽ പരിശോധനയുണ്ടാകും. മാനദണ്ഡം ലംഘിക്കപ്പെട്ടാൽ പരിഹരിക്കാൻ സമയം നൽകിയശേഷം സർട്ടിഫിക്കേഷൻ റദ്ദാക്കും. ഗുണനിലവാര മാനദണ്ഡങ്ങൾ തയാറാക്കുന്ന സംസ്ഥാന സമിതിയിൽ അതതു വകുപ്പുകളുടെ സെക്രട്ടറി സഹചെയർമാനും വ്യവസായ ഡയറക്ടർ കൺവീനറുമാണ്. കേരളത്തിൽനിന്നുള്ള ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണു പൊതു ബ്രാൻഡിങ്.

ഉൽപന്നങ്ങൾക്ക് സൗജന്യ പ്രചാരണം

കേരള ബ്രാൻഡ് ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും സർക്കാരിന്റെ ഇ മാർക്കറ്റുകളിൽ സൗജന്യ പ്രചാരണം നൽകും. കയറ്റുമതിക്കു സഹായിക്കുന്ന ഉന്നത ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു ധന സഹായവുമുണ്ടാകും. സർക്കാർ ഫണ്ട് നൽകുന്ന സ്കീമുകളിൽ മുൻഗണന, സർക്കാർ പങ്കെടുക്കുന്ന രാജ്യാന്തര വ്യാപാരമേളകളിൽ പ്രദർശന സൗകര്യം, മലയാളികൾ താമസിക്കുന്ന രാജ്യങ്ങളിൽ പ്രചാരണ സഹായം എന്നിവ നൽകും.

Related posts

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

Aswathi Kottiyoor

വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം, പേവിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി 

Aswathi Kottiyoor

ട്രഷറി വകുപ്പ് ആസ്ഥാന മന്ദിരം നവംബർ 11ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox