വൈശാഖ മഹോത്സവം ഹരിതോത്സവമായി നടത്തുന്നതിന് കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ സേന ഉത്സവ നഗരിയിൽ സജീവമായി. 15 പേരടങ്ങുന്ന ഹരിതകർമ സേന ഉത്സവ നഗരിയിലെ താൽക്കാലിക കച്ചവട സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും ആദ്യദിനത്തിൽ ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി.
ഉത്സവം നടക്കുന്ന മുഴുവൻ ദിവസവും ഹരിതകർമ സേനയുടെ സേവനമുണ്ടാകും. ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലന്ന് ഉറപ്പ് വരുത്താനും കൊട്ടിയൂർ പഞ്ചായത്തും ഹരിതകേരള മിഷനും ശുചിത്വ മിഷനും എല്ലാ ദിവസവും സംയുക്ത പരിശോധന നടത്തും. കഴിഞ്ഞ വർഷം 12 ടൺ പാഴ്‌വസ്തുക്കളാണ് തദ്ദേശ സ്ഥാപനങ്ങളും ഹരിതകർമ സേനയും ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.