ഹൈദരാബാദ് ∙ പ്രമുഖ ഇ–കൊമേഴ്സ് സൈറ്റിന്റെ ഡെലിവറി ബോയിക്ക് ലാബ്രഡോര്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. നായയില്‍നിന്നു രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍നിന്ന് എടുത്തുചാടിയ ഡെലിവറി ബോയിയുടെ കാലുകൾ ഒടിഞ്ഞു. മുഹമ്മദ് ഇല്യാസ് എന്നയാൾക്കാണു പരുക്കേറ്റത്. നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
റെയ്ദുര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയിലെ ഫ്ലാറ്റില്‍ ഡെലിവറിക്കെത്തിയതായിരുന്നു മുഹമ്മദ് ഇല്യാസ്. ബെൽ അടിച്ചതിനു പിന്നാലെ അഴിച്ചുവിട്ടിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കുരച്ചുചാടി. ആക്രമിക്കുമെന്നുറപ്പായതോടെ ഇല്യാസ് ഓടി. നായ പിറകെയും. രക്ഷപ്പെടാനായി മറ്റുമാര്‍ഗങ്ങളൊന്നും കാണാതിരുന്ന ഇല്യാസ് മൂന്നാം നിലയില്‍നിന്ന് എടുത്തുചാടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് ഫ്ലാറ്റിന്റെ മുറ്റത്തു കിടന്നിരുന്ന ഇല്യാസിനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകളുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍, സമാന രീതിയിലുള്ള നായയുടെ ആക്രണത്തില്‍ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാള്‍ ഫ്ലാറ്റില്‍നിന്ന് വീണുമരിച്ചിരുന്നു. ഈ കേസില്‍ ഇയാളുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പോലും കിട്ടിയില്ലെന്നാണ് വിവരം.