• Home
  • Kerala
  • എറണാകുളം, തൃശ്ശൂർ മെഡിക്കൽ കോളജുകളിൽ ക്രഷ് സംവിധാനം ഉടൻ : മന്ത്രി
Kerala

എറണാകുളം, തൃശ്ശൂർ മെഡിക്കൽ കോളജുകളിൽ ക്രഷ് സംവിധാനം ഉടൻ : മന്ത്രി

എറണാകുളം, തൃശൂർ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്കായുള്ള ക്രഷ് സംവിധാനം ഉടൻ തുടങ്ങുമെന്ന് സംസ്ഥാന വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച 17ാമത്തെ ക്രഷ് തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം രാജ്യത്ത് ഒന്നാമത് ആണെങ്കിലും തൊഴിൽ രംഗത്ത് സ്ത്രീകളുടെ എണ്ണം ഇനിയും വർധിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്ന നടപടികൾക്കു തുടർച്ച ഉണ്ടാകണം. കരിയറിൽ വളരെ മികച്ചു നിൽക്കുന്ന സ്ത്രീകൾ അമ്മയാകുന്നതോടെ കുഞ്ഞിനെ പരിപാലിക്കാൻ ആറുമാസം ജോലിയിൽനിന്ന് അവധി എടുക്കുമ്പോൾ ദിനേന അപ്‌ഡേഷൻ വേണ്ടുന്ന ഐ.ടി പോലുള്ള തൊഴിൽമേഖലകളിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്.

ഇത്തരമൊരു അവസ്ഥയിൽ സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ഇടപെടലാണ് തൊഴിലിടങ്ങളിൽ കുട്ടികളെ പരിപാലിക്കാൻ ക്രഷ് സംവിധാനം ഒരുക്കുക എന്നതെന്ന് മന്ത്രി പറഞ്ഞു. 50 സ്ത്രീകളിൽ കൂടുതലുള്ള തൊഴിലിടങ്ങളിൽ ക്രഷ് വേണം എന്നതാണ് സർക്കാർ നയം.
കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്തെ പി.എസ്.സി മുഖ്യ ഓഫീസിലാണ് ആദ്യത്തെ ക്രഷ് തുടങ്ങിയത്. ഇപ്പോൾ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സംസ്ഥാനത്തെ പതിനേഴാമത്തെ ക്രഷും തിരുവനന്തപുരം ജില്ലയിൽ അഞ്ചാമത്തേതാണ്. ഉടൻ തന്നെ എറണാകുളം, തൃശൂർ മെഡിക്കൽ കോളജുകളിൽ ക്രഷ് സംവിധാനം സർക്കാർ തുടങ്ങും. ഇതിനുപുറമേ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിലും ക്രഷ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തൊഴിലിടങ്ങളിൽ ക്രഷ് തുടങ്ങാൻ വനിതാ ജീവനക്കാരിൽ നിന്ന് വലിയ ആവശ്യമാണ് ഉയർന്നുവന്നിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. പരിപാടിയിൽ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫ. കെ.എസ് അനിൽകുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച് ബാബുജാൻ, വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങളായി; കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് സംവിധാനം

Aswathi Kottiyoor

പുതിയ മദ്യശാലകള്‍ക്ക് അനുമതി; ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

Aswathi Kottiyoor

ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox