34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • *എല്ലാവരെയും കുത്തിവീഴ്ത്തി, കത്രിക കഴുകി സന്ദീപ്: ദൃക്സാക്ഷിയായ ആംബുലൻസ് ഡ്രൈവർ.*
Kerala

*എല്ലാവരെയും കുത്തിവീഴ്ത്തി, കത്രിക കഴുകി സന്ദീപ്: ദൃക്സാക്ഷിയായ ആംബുലൻസ് ഡ്രൈവർ.*

കൊട്ടാരക്കര ∙ ‘കാഷ്വൽറ്റിയോടു ചേർന്നുള്ള മുറിയിലാണു ഞാൻ വിശ്രമിക്കുന്നത്. പുലർച്ചെ 2 മണിക്കാണ് ഉറങ്ങാൻ കിടന്നത്. കാഷ്വൽറ്റിയിൽനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഉണർന്നത്. അവിടെ എത്തുമ്പോൾ ടിവിയിരിക്കുന്ന ഭാഗത്ത് ഹോംഗോർഡ് അലക്സ്കുട്ടിയെ കസേരയിൽ ചേർത്തിരുത്തി സന്ദീപ് തലയിലും കഴുത്തിലും ഇടിക്കുന്നതാണു കാണുന്നത്. പിന്നിൽനിന്നു സന്ദീപിനെ പിടിച്ചപ്പോൾ എന്റെ ഇടതുകൈമുട്ടിനു മുകളിലായും ഇടിച്ചു. ഇടികിട്ടി അൽപം കഴിഞ്ഞപ്പോഴാണ് അവിടെ നിന്നു രക്തം ഒഴുകുന്നതു കണ്ടത്. അപ്പോഴാണറിഞ്ഞ് സന്ദീപിന്റെ കൈയിൽ കത്രികയുണ്ടെന്നും കുത്തിയതാണെന്നും. കുത്തുമ്പോൾ തെറിച്ചുപോകാതിരിക്കാൻ കത്രികയുടെ ഒരു കാൽ തള്ളവിരലിൽ കയറ്റി ഉറപ്പിച്ചിരുന്നു.സന്ദീപ് പിടിവിട്ട് വീണ്ടും ഓടി ഹോംഗാർഡിന്റെ തലയിൽ കുത്തി. ഇതുകണ്ട് പൂയപ്പള്ളി സ്റ്റേഷനിൽനിന്നു സന്ദീപിനെ കൊണ്ടുവന്ന സംഘത്തിലെ എസ്ഐ ഒരു പ്ലാസ്റ്റിക് കസേരയുമായെത്തി എതിരിട്ടെങ്കിലും നിലതെറ്റി വീണു. ഇതോടെ സന്ദീപ് എസ്ഐയെ കുത്താൻ തിരിഞ്ഞു. ഇരുവരും നിലത്തുവീണു. എസ്ഐ ഉരുണ്ടുമാറി. വീഴ്ചയുടെയും അലർച്ചയുടെയും ശബ്ദം കേട്ടാണ് സുരക്ഷാ ചുമതലയുള്ള എഎസ്ഐ ആർ.മണിലാൽ എത്തുന്നത്. ചാടി എഴുന്നേറ്റ് മണിലാലിനെ കഴുത്തിനു പിടിച്ചു ഭിത്തിയിലേക്കു ചേർത്തു നിർത്തി തലയിൽ രണ്ടുമൂന്നു തവണ കുത്തി.പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനും ഓടി പുറത്തേക്കിറങ്ങി. സന്ദീപിനെ ഞാൻ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം കത്രിക വീശി ഭയപ്പെടുത്തി. പുറത്തേക്കിറങ്ങിയ ആരോ കാഷ്വൽറ്റിയുടെ പ്രധാന കവാടം അടച്ചു കുറ്റിയിട്ടു. ഞാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതകളും മാത്രമായി അകത്ത്.

തുടർന്നു ഹാളിൽ എന്തൊക്കയോ പുലമ്പിക്കൊണ്ട് സന്ദീപ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് ലിഫ്റ്റിനോടു ചേർന്നുള്ള കസേരയിൽ വന്നിരുന്നു. ആ സമയം ഞാൻ കാഷ്വൽറ്റിയുടെ അകത്തുള്ള ഗ്ലാസ് ഡോറിനോടു ചേർന്നു നിൽക്കുകയായിരുന്നു. പുറത്തെ ശബ്ദംകേട്ടാണ് ഡ്യൂട്ടി ഡോക്ടറായ പൗർണമിയും വന്ദനയും പുറത്തേക്കു വന്നത്.

മറ്റുവനിതാ ജീവനക്കാരെ നഴ്സസ് റൂമിലാക്കി ഞാൻ പുറത്തു നിന്നു പൂട്ടി. ഡോ.പൗർണമി കാഷ്വൽറ്റിയിലെ ഡോക്ടർമാരുടെ മുറിയിലേക്കു പോയി കതകടച്ചു. വന്ദന മാത്രമാണ് പിന്നീട് അവിടെ ഉണ്ടായിരുന്നത്. അക്രമം കണ്ടു സ്തംഭിച്ചു പോയ വന്ദന സന്ദീപിനെ നോക്കി നിൽക്കുകയായിരുന്നു. അവരോടു രക്ഷപ്പെടാൻ ഞാൻ പറഞ്ഞു. ഇതിനിടെ നഴ്സുമാർ ഒളിച്ച മുറിയിലേക്കു കയറി ഞാൻ കതക് അകത്തുനിന്ന് അമർത്തിപ്പിടിച്ചു. സെക്കൻഡുകൾ കഴിഞ്ഞപ്പോൾ ഞരക്കവും തറയിൽ ഇടിക്കുന്നതിന്റെ ശബ്ദവും കേട്ടു. ഡോർ തുറന്ന് ഒബ്സർവേഷൻ മുറിയിലേക്കു നോക്കുമ്പോൾ വന്ദനയെ മലർത്തി കിടത്തി പുറത്തിരുന്നു തലയുടെ ഭാഗത്തു കുത്തുന്നതാണു കാണുന്നത്.ഇതിനിടെയാണ് ഡോ.ഷിബിൻ ഓടി എത്തി വന്ദനയുടെ കാലിൽപ്പിടിച്ചു വലിച്ചു രക്ഷിക്കാൻ ശ്രമിച്ചത്. എഴുന്നേൽക്കാൻ ശ്രമിച്ച സന്ദീപിനെ ഡോ.ഷിബിൻ പിടിച്ചു തള്ളി. അയാൾ മലർന്നു വീണു. കത്രിക തെറിച്ചുപോയി. ഇതിനിടെ ഡോ.ഷിബിൻ വന്ദനയെ താങ്ങിയെടുത്തു. സന്ദീപ് കത്രികയെടുത്തു വന്ദനയുടെ മുതുകിൽ വീണ്ടും കുത്തി. എങ്കിലും വന്ദനയെ എക്സ്റേ റൂമിനു മുന്നിലെ വാതിലിലൂടെ പുറത്ത് എത്തിച്ചു.

പിന്നീടു സന്ദീപ് പുറത്തേക്കു നടന്നു. ഞാനും പിന്നാലെ പോയി. വാതിൽ പുറത്തുനിന്നു പൂട്ടിയതു കൊണ്ടു പുറത്തിറങ്ങാനായില്ല. ഇതിനിടെ കാഷ്വൽറ്റിയിലെ വാട്ടർഫിൽറ്റർ തുറന്നു വിട്ടു കത്രികയിലെ ചോര കഴുകി. കത്രിക ആ വെള്ളത്തിൽ ഉപേക്ഷിച്ചു. കത്രിക താഴെയിട്ടതോടെ ഞാൻ സന്ദീപിനെ പിന്നിൽനിന്നു പിടിച്ചു തറയിലേക്ക് അമർത്തി. ഒപ്പം വാതിൽ തുറന്ന് പൊലീസ് എത്തി.

സന്ദീപിന്റെ കൈകൾ പിന്നിലേക്കാക്കി തോർത്ത് ഉപയോഗിച്ചു കെട്ടി. പിന്നീടാണ് പൊലീസ് സന്ദീപിനെ വിലങ്ങുവയ്ക്കുന്നത്. കൊട്ടാരക്കര പൊലീസ് എത്തിയാണ് കാഷ്വൽറ്റിയുടെ വാതിൽ തുറന്നത്.

Related posts

2022 ആസിയാൻ – ഇന്ത്യ സൗഹൃദ വർഷം

Aswathi Kottiyoor

ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ

Aswathi Kottiyoor

രാജ്യം ഇരുട്ടിലേക്ക്..! കൽക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവർ കട്ടിന് സാധ്യത

Aswathi Kottiyoor
WordPress Image Lightbox