• Home
  • Uncategorized
  • ആതിരയെ കൊന്ന് മാലയെടുത്തു, മൂന്നാംദിനം റീൽസ്;‘അഖിയേട്ടന്റെ’ ഇരകളെതേടി പൊലീസ്
Uncategorized

ആതിരയെ കൊന്ന് മാലയെടുത്തു, മൂന്നാംദിനം റീൽസ്;‘അഖിയേട്ടന്റെ’ ഇരകളെതേടി പൊലീസ്


കാലടി ∙ അങ്കമാലിയിലെ സ്വകാര്യ മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരി ആതിരയെ സഹപ്രവർത്തകൻ അഖിൽ കൊലപ്പെടുത്തിയ കേസിൽ എറണാകുളം റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് അഖിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് പെരുമ്പാവൂർ ‍കോടതിയെ സമീപിക്കും. അഖിലിനെ ആലുവ സബ് ജയിലിൽ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരിക്കുകയാണ്.

ആതിരയെ അഖിൽ കാറിൽ കയറ്റിയ വല്ലം മുതൽ കൊലപ്പെടുത്തിയ തുമ്പൂർമുഴി വനം വരെ പൊലീസ് പരിശോധന നടത്തും. അഖിലിന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളായ ‘അഖിയേട്ടൻ’ പരിശോധിക്കുമെന്നും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പതിനായിരത്തിലേറെ ഫോളോവേഴ്സ് അഖിലിനുണ്ട്. കൂടുതലും സ്ത്രീകളാണ്. ആതിരയിൽനിന്നു സ്വർണം കൈപ്പറ്റിയതു പോലെ സമൂഹ മാധ്യമങ്ങളിലെ ബന്ധം വഴി മറ്റുള്ളവരിൽനിന്നു അഖിൽ പണവും സ്വർണവും വാങ്ങിയിട്ടുണ്ടാകാം എന്നു പൊലീസ് സംശയിക്കുന്നു.

ഒരു സ്ത്രീയിൽനിന്ന് ഒന്നര ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്നു വിവരമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷിക്കും. ആതിരയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണമാല കൊലപാതകത്തിനു ശേഷം അഖിൽ ഊരിയെടുത്ത് അങ്കമാലിയിലെ ജ്വല്ലറിയിൽ പണയംവച്ചു എന്നു കണ്ടെത്തി. പിറ്റേ ദിവസം കടയിൽ പതിവു ജോലിക്കു വന്ന അഖിൽ 3 ദിവസം കഴിഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ റീൽസ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആതിരയെ പെരുമ്പാവൂരിനടുത്തു വല്ലത്തുനിന്നു കാറിൽ കയറ്റി അതിരപ്പിള്ളിയിലേക്കു കൊണ്ടു പോകുന്ന വഴി അങ്കമാലിയിൽ ഇരുവരും ജോലി ചെയ്യുന്ന സ്ഥലത്ത് അഖിൽ കയറിയത് താൻ സ്ഥലത്തുണ്ടെന്ന് അറിയിച്ച് വ്യാജ തെളിവ് ഉണ്ടാക്കാനായിരുന്നു. ഈ സമയം ആതിരയെ കാറിൽ ആരും കാണാതെ ഇരുത്തി.

ആതിര പലപ്പോഴായി സൗഹൃദത്തിന്റെ പേരിൽ അഖിലിനു കൊടുത്ത 10 പവനോളം സ്വർണം തിരികെ ചോദിച്ചതു കൊണ്ടാണ് ആതിരയെ കൊന്നതെന്ന അഖിലിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സ്വർണം തിരികെ ചോദിക്കുമെന്ന ഭയം മൂലവും ആതിരയെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുമായിരുന്നു കൊലപാതകമെന്നു പൊലീസ് കരുതുന്നു.

Related posts

മിഠായി കഴിച്ച കുട്ടി ആശുപത്രിയില്‍, വാങ്ങി നല്‍കിയത് അമ്മ; പരിശോധനയില്‍ കണ്ടത് കഞ്ചാവ് !

Aswathi Kottiyoor

പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും, സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

Aswathi Kottiyoor

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox