25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക്യാമറാവിവാദത്തിലെ പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം; രേഖകൾ പുറത്ത്
Uncategorized

ക്യാമറാവിവാദത്തിലെ പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം; രേഖകൾ പുറത്ത്

കോഴിക്കോട് ∙ ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവാണു പ്രകാശ് ബാബു. കമ്പനി റജിസ്ട്രാർക്കു സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്.
പ്രസാഡിയോയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും പ്രകാശ് ബാബു ഇല്ല. എന്നാൽ 2020 ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്നു കമ്പനി രേഖകൾ വ്യക്തമാക്കുന്നു. ഇടപാടുകൾ നടത്തിയ ശേഷം കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗെസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയും റിപ്പോർട്ടിലുണ്ട്. കമ്പനി ഇടപാടുകളിൽ പ്രകാശ് ബാബു അയ്യത്താൻ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്. 2018 ൽ ആരംഭിച്ച കമ്പനി കോഴിക്കോട് മലാപ്പറമ്പിലെ കെട്ടിടത്തിലെ രണ്ടാം നിലയിലാണു പ്രവർത്തിക്കുന്നത്.എന്നാൽ, ആരോപണങ്ങളോടു പ്രസാഡിയോ കമ്പനി പ്രതികരിച്ചില്ല. മാനേജിങ് ഡയറക്ടർ ഒ.ബി.രാംജിത്തിനെ ബന്ധപ്പെട്ടെങ്കിലും പ്രകാശ് ബാബുവുമായി നടത്തിയ ഇടപാടുകൾ എന്താണെന്നു വിശദീകരിക്കാൻ തയാറായില്ല. വിവാദമുയർന്ന ആദ്യഘട്ടത്തിൽ ബന്ധമില്ലെന്നു പറയുകയും ചെയ്തു.

പ്രകാശ് ബാബുവിനു പങ്കാളിത്തമുള്ള കമ്പനിയാണെന്നു പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എംഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്നു നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള കമ്പനിയായതിനാൽ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അൽഹിന്ദ് പങ്കെടുത്ത യോഗങ്ങളിൽ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.

ട്രോയ്സ്’ എന്ന കമ്പനിയിൽ‌നിന്നു വൻ വിലയ്ക്ക് ക്യാമറ വാങ്ങാൻ പ്രസാഡിയോ നിർബന്ധിച്ചതിനെ തുടർന്ന് അൽഹിന്ദ് കരാറിൽനിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുൻപ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്നു പ്രകാശ് ബാബു അറിയിച്ചെന്നും അൽഹിന്ദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അൽഹിന്ദ് എസ്ആർഐടി മുഖേന കെൽട്രോണിനു കൈമാറിയ 3 കോടി രൂപയിൽ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.

മറ്റു കമ്പനികളുമായും പ്രസാഡിയോയ്ക്ക് ബന്ധം

എസ്ആർഐടിക്കു വേണ്ടി സാങ്കേതിക പിന്തുണ വാഗ്ദാനം നൽകി കെൽട്രോണിനു കത്തു നൽകിയ ‘ട്രോയ്സ്’ എന്ന കമ്പനിയുമായും പ്രസാഡിയോയ്ക്ക് ഇടപാടുകളുണ്ട്. എഐ ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട യുഎൽ ടെക്നോളജി, എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ്, അശോക ബിൽഡ്കോൺ ലിമിറ്റഡ്, ഇ സെൻട്രിക് തുടങ്ങിയ കമ്പനികളുമായെല്ലാം പ്രസാഡിയോ ഇടപാടുകൾ നടത്തിയിട്ടുണ്ട്. എസ്ആർഐടിയുമായി ഉപകരാർ ഒപ്പിട്ട മറ്റൊരു കമ്പനിയായ ലൈറ്റ് മാസ്റ്റർ കമ്പനി എംഡിയും പ്രസാഡിയോയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു കമ്പനി രേഖകളിൽനിന്നു വ്യക്തമാണ്.

Related posts

പുരാവസ്തു തട്ടിപ്പ് കേസ് : ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം

Aswathi Kottiyoor

കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം

Aswathi Kottiyoor

വയനാട് വീണ്ടും കടുവ ഇറങ്ങിയതായി സംശയം; രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox