24 C
Iritty, IN
September 28, 2024
Uncategorized

ഓടിയെത്തി, കീഴടക്കി


തിരുവനന്തപുരം ∙ പ്രധാനമന്ത്രി പച്ചക്കൊടി വീശിയ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കയറിയതു േകരളത്തിന്റെ ഹൃദയത്തിലേക്ക്. രാവിലെ 11.11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിനിന്റെ ഉദ്ഘാടന സർവീസ് കാണാൻ പാതയ്ക്കിരുവശവും ജനം തടിച്ചു കൂടി. മണിക്കൂറിൽ 88, 89, 90, 95 കിലോമീറ്റർ… വേളിയിൽ ഓൾ സെയിന്റ്സ് കോളജിനു സമീപം എത്തിയപ്പോൾ ട്രെയിനിനുള്ളിലെ സ്ക്രീനിൽ ആദ്യ 100 കിലോമീറ്റർ വേഗം തെളിഞ്ഞു. കോച്ചിനുള്ളിൽ യാത്രക്കാരുടെ ആരവം.
സ്റ്റേഷനുകളിലും പാതകൾക്കു സമീപവുമെല്ലാം വലിയ ജനക്കൂട്ടമാണ് വന്ദേഭാരത് കാണാൻ കാത്തു നിന്നത്. കൊച്ചുവേളിയിൽ ഭക്ഷണം കയറ്റാൻ നിർത്തിയെങ്കിലും ആദ്യ ഒൗദ്യോഗിക സ്റ്റോപ്പ് കൊല്ലത്തായിരുന്നു. ചെണ്ടമേളത്തോടെയാണു കൊല്ലം വന്ദേഭാരതിനെ സ്വാഗതം ചെയ്തത്. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർ സ്റ്റേഷനിൽ എത്തി.

എറണാകുളം ടൗൺ സ്റ്റേഷനിൽ ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ എന്നിവർ ട്രെയിനിൽ കയറി. ട്രെയിൻ നിർത്തിയ ചില സ്റ്റേഷനുകളിൽ, ഉൾവശം കാണാനും സെൽഫിയെടുക്കാനും ട്രെയിനിൽ കയറിയവരെ പണിപ്പെട്ടാണ് ആർപിഎഫ് പുറത്തിറക്കിയത്. മേളത്തോടെയാണു തൃശൂർ വന്ദേഭാരതിനു സ്വാഗതമോതിയത്. 2 പ്ലാറ്റ്ഫോമുകളിലും ജനം തിങ്ങി നിറഞ്ഞു. ഷൊർണൂർ വരെ ഗായകൻ ജയചന്ദ്രൻ, സംഗീത സംവിധായകരായ ഒൗസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും യാത്രക്കാരായി.

ഷൊർണൂരിൽ വി.കെ.ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിലും ബിജെപിയുടെ നേതൃത്വത്തിലുമായിരുന്നു സ്വീകരണം. ഷൊർണൂർ വിട്ടതോടെ ട്രെയിൻ കേരളത്തിലെ ലഭ്യമായ മികച്ച വേഗമായ 110 കിലോമീറ്റർ തൊട്ടു. തിരൂരിൽ മഴ നനഞ്ഞാണ് ആളുകൾ ട്രെയിൻ കാണാൻ നിന്നത്. മുക്കാൽ മണിക്കൂറോളം വൈകിയാണു ട്രെയിൻ തലസ്ഥാനത്തു നിന്നു പുറപ്പെട്ടതെങ്കിലും നിശ്ചയിച്ച സമയത്തിന് അര മണിക്കൂർ മുൻപ് 6.23ന് കോഴിക്കോട്ട് എത്തി.

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്…

∙ ജിപിഎസ് ബേസ്ഡ് ഇൻഫർമേഷൻ സിസ്റ്റം

വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന ഗായകൻ പി.ജയചന്ദ്രൻ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ
അടുത്ത സ്റ്റേഷൻ, അവിടേക്കുള്ള ദൂരം, എത്ര കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്, ഏതു വശത്തെ ഡോർ അടുത്ത സ്റ്റേഷനിൽ തുറക്കും എന്നീ വിവരങ്ങൾ ഓരോ കോച്ചിന്റെയും രണ്ട് അറ്റത്തായുള്ള 32 ഇഞ്ച് എൽസിഡി സ്ക്രീനിൽ തെളിയും.

∙ബയോ വാക്വം ശുചിമുറികൾ

വിമാന മാതൃകയിൽ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്ന ശുചിമുറിയാണിത്. മറ്റ് ട്രെയിനുകളേക്കാൾ കൂടുതൽ സ്ഥല സൗകര്യമുണ്ട്. കൈ ഉണക്കാൻ ഹാൻഡ് ഡ്രയറും നൽകിയിട്ടുണ്ട്.∙ പുഷ് ടു ടോക്

ചങ്ങല വലിച്ചു ട്രെയിൻ നിർത്തുന്ന പരമ്പരാഗത സമ്പ്രദായത്തിനു പകരം ലോക്കോ കാബിനുമായി നേരിട്ടു വിവരങ്ങൾ അറിയിക്കാൻ പുഷ് ടു ടോക്ക് സംവിധാനം ഓരോ കോച്ചിലും രണ്ടിടത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി ബട്ടണും ഉണ്ട്.

വൃത്തികേടാക്കരുത് !

കൂടുതൽ സ്റ്റോപ്പുകൾ നൽകി ട്രെയിനിന്റെ ലക്ഷ്യം നശിപ്പിക്കരുതെന്നായിരുന്നു യാത്രക്കാരുടെ പ്രധാന അഭ്യർഥന. ട്രെയിൻ വൃത്തികേടാക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുകയും പിഴ ചുമത്തുകയും വേണമെന്നു യാത്രക്കാർ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള മാധ്യമ സംഘം ഉൾപ്പെടെ 250ൽ അധികം മാധ്യമപ്രവർത്തകരും അനേകം വ്ലോഗർമാരും യാത്രക്കാരായി ഉണ്ടായിരുന്നു.

ആഗോള നിലവാരമുള്ള യാത്ര: സന്തോഷ് ജോർജ് കുളങ്ങര

വന്ദേഭാരതിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. സിൽവർലൈനിൽ പറഞ്ഞു കേട്ട വേഗം പോലും ശരിക്കും വലിയ വേഗമല്ല. വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരെ അകറ്റുമെന്ന അഭിപ്രായത്തോടു യോജിപ്പില്ലെന്നും സന്തോഷ് പറഞ്ഞു.

വന്ദേ ഭാരതിൽ സന്തോഷ് ജോർജ് കുളങ്ങര.
യാത്രാനുഭവം റെയിൽവേക്കു നൽകും: കൃഷ്ണദാസ്

റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് ട്രെയിനിൽ കാസർകോട് വരെ യാത്ര ചെയ്തു. യാത്രാനുഭവവും വന്ദേഭാരത് ട്രെയിനുകൾ ശുചിയായി സൂക്ഷിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ ബോർഡിനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

പക്ഷിപ്പനി: സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി

Aswathi Kottiyoor

വായ്‌പ എടുത്തവർക്ക് സമാധാനിക്കാം, റിപ്പോ നിരക്ക് കൂട്ടാതെ ആർബിഐയുടെ പണനയം

Aswathi Kottiyoor

ആറളം ആനമതിൽ: 102 മരങ്ങൾ മുറിച്ചുമാറ്റുന്നു

Aswathi Kottiyoor
WordPress Image Lightbox