27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സത്യപാൽ മാലിക്കിന്റെ ആരോപണം: ബിജെപിക്ക് മൗനം
Uncategorized

സത്യപാൽ മാലിക്കിന്റെ ആരോപണം: ബിജെപിക്ക് മൗനം


ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണം സംബന്ധിച്ചുൾപ്പെടെ ജമ്മു–കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച ആരോപണങ്ങൾ ഖണ്ഡിക്കാൻ കേന്ദ്ര സർക്കാരോ ബിജെപിയോ തയാറായിട്ടില്ല. തരംപോലെ എന്തും വിളിച്ചുപറയുന്ന വ്യക്തിയാണു മാലിക്കെന്നും ആരോപണങ്ങളെ അവഗണിച്ചാൽ മതിയെന്നാണു തീരുമാനമെന്നും പാർ‍ട്ടിവൃത്തങ്ങൾ പറയുന്നു.

എന്നാൽ, മാലിക്കിന്റെ ആരോപണങ്ങൾ തള്ളിക്കളയാവുന്നവയല്ലെന്ന് മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്ചൗധരി, ബിഎസ്എഫ് മുൻ അഡിഷനൽ ഡയറക്ടർ ജനറൽ എസ്.കെ.സൂദ് തുടങ്ങിയവർ‍ നിലപാടെടുത്തിട്ടുണ്ട്. മാലിക്കിന്റെ ആരോപണങ്ങൾ അവാസ്തവമെങ്കിൽ അതു വ്യക്തമാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. രാഷ്ട്രീയകാരണങ്ങൾ മാറ്റിവച്ചാൽ, ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് മോദി സർക്കാർ ഗവർണറായി നിയമിച്ച വ്യക്തിയാണ്; പദവിയിൽനിന്നു മാറിയിട്ട് 6 മാസമേ ആയിട്ടുള്ളൂ.

മാലിക്കിന്റെ പുൽവാമ പരാമർശങ്ങളോട് ബിജെപിയിൽനിന്നു പ്രതികരിച്ചത് ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ്. ആരോപണങ്ങൾക്കു മറുപടി പറയാനല്ല, മാലിക് വിശ്വാസ്യതയുള്ളയാളല്ലെന്നു സ്ഥാപിക്കാനാണ് മാളവ്യ ട്വീറ്റുകളിലൂടെ ശ്രമിച്ചത്. പുൽവാമ സംബന്ധിച്ച പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നു നേരത്തേ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോൾ, തങ്ങളുടെ മുൻ നേതാവ് ആരോപണമുന്നയിച്ചപ്പോൾ മൗനം പാലിക്കേണ്ട സ്ഥിതിയിലായിരിക്കുന്നു.

കരൺ ഥാപ്പർ‍ക്കു നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കി എന്നു കാട്ടി ആർഎസ്എസ് നേതാവ് റാം മാധവ്, മാലിക്കിന് വക്കീൽ നോട്ടിസ് അയച്ചിരുന്നു. മാപ്പു പറയാൻ റാം മാധവ് നിശ്ചയിച്ച 48 മണിക്കൂർ സമയപരിധി കഴിഞ്ഞിട്ട് ഏതാനും ദിവസമായി.

രാഷ്ട്രപതി ആരെ കാണണമെന്നു തീരുമാനിക്കുന്നതുപോലും പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന ആരോപണവും മാലിക് ഉന്നയിച്ചിരുന്നു. രാഷ്ട്രപതിയുടെ ഓഫിസിന് അപകീർത്തിയുണ്ടാക്കുന്ന ഈ ആരോപണത്തെ ഖണ്ഡിക്കാനും സർക്കാർ തയാറായിട്ടില്ല. രാഷ്ട്രപതിയുടെ ഓഫിസിനെ രാഷ്ട്രീയ വിവാദങ്ങളിൽനിന്നു സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത സർക്കാരിന്റേതാണ്.

2004ൽ ബിജെപിയിൽ ചേർന്ന മാലിക് 2012ലും 2014ലും പാർട്ടി ദേശീയ ഉപാധ്യക്ഷനായിരുന്നു. കർഷക മോർച്ചയുടെ നേതാവായും എടുത്തുകാട്ടപ്പെട്ടു. കർഷകസമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത് ഗവർണർ പദവിയിലുള്ളപ്പോഴാണ്. ഗോവയിലെ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു. എന്നാൽ, ഗവർണർ പദവിയിൽ കഴിഞ്ഞ ഒക്ടോബർ വരെ അദ്ദേഹം തുടർന്നു.

വിമർശനം വച്ചുപൊറുപ്പിക്കുന്ന രീതി ഇല്ലാത്തപ്പോഴും, എന്തുകൊണ്ട് മാലിക്കിനെ ഒഴിവാക്കാൻ പ്രധാനമന്ത്രി താൽപര്യപ്പെടുന്നില്ലെന്ന് നേരത്തേ പലതവണ ചോദ്യമുയർന്നതാണ്. പടിഞ്ഞാറൻ യുപിയിലെ ജാട്ട് വോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യം താൽപര്യപ്പെടുന്നില്ലെന്നാണ് അന്നൊക്കെ പാർട്ടിവൃത്തങ്ങൾ പറഞ്ഞത്.

ഗവർണർപദവിയിൽനിന്നു പുറത്താക്കപ്പെട്ടാൽ അത് യുപിയിൽ ചിലപ്പോൾ സ്വന്തമായൊരു പാർട്ടി രൂപീകരിക്കുന്നതിനുവരെ മാലിക്ക് മുതലാക്കുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലമായിരുന്നു അത്. ഇപ്പോൾ, ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. ജനകീയത മങ്ങിയപ്പോൾ, പ്രസക്തി വീണ്ടെടുക്കാനാണ് മാലിക് ശ്രമിക്കുന്നതെന്ന് റാം മാധവിന്റെ വക്കീൽ നോട്ടിസിൽ പറയുന്നുമുണ്ട്. ആരോപണങ്ങളോടു പ്രതികരിച്ച് മാലിക്കിന്റെ ലക്ഷ്യങ്ങൾക്കു ബലം നൽ‍കേണ്ടതില്ലെന്നു വിലയിരുത്തുന്ന ബിജെപി, പുൽവാമയുടെ പേരിൽ പ്രതിപക്ഷത്തിനെതിരെ ഇനി ശബ്ദം നഷ്ടമാകുന്ന സ്ഥിതിയിലാണ്.

Related posts

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി .

Aswathi Kottiyoor

‘ഫോര്‍ട്ട് കൊച്ചിക്കാര്‍ക്കിനി ആവേശം’; വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു

Aswathi Kottiyoor

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു,ഇന്നത്തെ ലക്ഷാധിപതി ആരെന്നറിയാം

Aswathi Kottiyoor
WordPress Image Lightbox