23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?: കടുത്ത വിമർശനവുമായി ലോകായുക്ത
Uncategorized

മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?: കടുത്ത വിമർശനവുമായി ലോകായുക്ത


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ.എസ്.ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് റിവ്യൂ ഹർജി പരിഗണിക്കവേ ലോകായുക്ത ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും സർക്കാർ ലോകായുക്തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയണമെന്നും ലോകായുക്ത ആർ.എസ്.ശശികുമാറിന്റെ അഭിഭാഷകനോട് പറഞ്ഞു. റിവ്യൂ ഹർജി നാളെ വീണ്ടും പരിഗണിക്കും.

കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്‍റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ച ശേഷമാണ് കേസ് വാദത്തിനെടുത്തതെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് പരിഗണനയില്‍ ഇരിക്കുമ്പോൾ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണമാണെന്ന് ലോകായുക്തയും ഉപലോകായുക്തയും ചൂണ്ടിക്കാട്ടി. നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടി വഴിയിൽനിൽക്കുമ്പോൾ അതിന്റെ വായിൽ കമ്പിട്ട് കുത്താതെ മാറി പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. മൂന്നംഗ ബെഞ്ചിൽനിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദിഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ചോദിച്ചു.

ഈ കേസിൽ ഹർജിക്കാരനായി സ്ഥിരമായി ഹാജരാകുന്ന ജോർജ് പൂന്തോട്ടം എന്ന അഭിഭാഷകന് ഇന്ന് എത്താനാകാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജി നാളത്തേക്ക് മാറ്റണമെന്ന് പകരമെത്തിയ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വൈകിയാണ് ലഭിച്ചതെന്നും, സ്ഥിരം ഹാജരാകുന്ന അഭിഭാഷകന് മറ്റു കേസുകളുടെ തിരക്കുള്ളതിനാലാണ് ഇന്ന് ഹാജരാകാൻ സാധിക്കാത്തതെന്നും ലോകായുക്തയെ അറിയിക്കുകയായിരുന്നു.

എന്നാൽ, ഈ ആവശ്യത്തെ പരിഹാസത്തോടെയാണ് ലോകായുക്ത സ്വീകരിച്ചത്. എങ്കിൽ താങ്കൾക്ക് വാദിച്ചുകൂടേയെന്ന് ലോകായുക്ത ആരാഞ്ഞു. ഹർജിക്കാരൻ എത്തിയിട്ടുണ്ടോ എന്ന് ഈ അഭിഭാഷകനോട് ലോകായുക്ത അന്വേഷിക്കുകയും ചെയ്തു. എത്തിയിട്ടില്ല എന്ന് അഭിഭാഷകൻ മറുപടി നൽകിയപ്പോൾ, അദ്ദേഹത്തിന് നേരിട്ടു വന്നു വാദിക്കാമായിരുന്നല്ലോയെന്നും ടിവിയിലൊക്കെ അദ്ദേഹം നന്നായി വാദിക്കുന്നുണ്ടല്ലോയെന്നും ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് പരിഹസിച്ചു.കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷമുള്ള ലോകായുക്ത ഉത്തരവ്. മൂന്നംഗ ബഞ്ച് കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ആർ.എസ്.ശശികുമാർ റിവ്യൂ ഹർജി നൽകിയത്. റിവ്യൂ ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവുണ്ടായതിനു ശേഷമേ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കൂ. എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം രൂപ അനുവദിച്ചതും ചെങ്ങന്നൂര്‍ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാൻ 8.5 ലക്ഷം രൂപ അനുവദിച്ചതും കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.

Related posts

ബീഫ് കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്ത്.

Aswathi Kottiyoor

യു​ക്രെ​യി​നി​ൽ നി​ന്നു​മെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ യാ​ത്രാ ചെ​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കും

Aswathi Kottiyoor

സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാന്‍ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox