കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നു. പ്രതിയെ ഈ മാസം 28 വരെ റിമാൻഡ് ചെയ്തിരുന്നു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി പ്രതിയെ കണ്ടിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെൽ മുറിയിലുള്ള ഷാറുഖിനെ ജില്ലാ ജയിലിലേക്ക് മാറ്റും.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. പ്രതി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ രണ്ടുവയസുള്ള സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫീഖ് എന്നിവരെയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റില്‍ പൊള്ളലേറ്റ പാടുകളൊന്നും മൂന്നു പേരുടെയും ശരീരത്തില്‍ കണ്ടെത്തിയിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണു മരണകാരണമായി കരുതിയിരുന്നത്. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നായിരുന്നു നിഗമനം.
- Home
- Uncategorized
- ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി; യുഎപിഎ ചുമത്തിയിട്ടില്ലെന്ന് സൂചന.*