24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ആന്റണിയുടെ മകനപ്പുറം ആരാണ് അനി‍ല്‍; കൂടണയും മുന്‍പ് കൂടുവിട്ടതിന് പിന്നിലെന്ത്?
Uncategorized

ആന്റണിയുടെ മകനപ്പുറം ആരാണ് അനി‍ല്‍; കൂടണയും മുന്‍പ് കൂടുവിട്ടതിന് പിന്നിലെന്ത്?


കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ്, ആദര്‍ശത്തിന്റെ ആള്‍രൂപം. അഴിമതിയുടെ കറപ്പാടില്ലാത്ത രാഷ്ട്രീയക്കാരന്‍, മുന്‍ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, സൗമ്യനും ശാന്തനും… വിശേഷണങ്ങള്‍ ഒരുപാട് ചേര്‍ന്നൊരു കോണ്‍ഗ്രസുകാരനാണ് എ.കെ.ആന്‍റണി. അദ്ദേഹത്തിന്റെ മകന്‍ അനില്‍ കെ.ആന്റണിയാണ് ഈ പെസഹാ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള വാര്‍ത്തയെങ്കിലും പാര്‍ട്ടി വൃത്തങ്ങളില്‍ ഞെട്ടലില്ല. കാരണം കഴിഞ്ഞ കുറച്ചുനാളുകളായി അനില്‍ ആന്റണി പരസ്യമായി സ്വീകരിച്ചു പോന്ന ചില നിലപാടുകളും അഭിപ്രായ പ്രകടനങ്ങളുമെല്ലാം ആ വഴിക്ക് വിരല്‍ചൂണ്ടുന്നത് തന്നെയായിരുന്നു. എ.കെ.ആന്റണിയുടെ മകന്‍ എന്നതിനപ്പുറം ആരാണ് അനില്‍ ആന്റണി? കൂടണയും വരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞ ആള്‍ ഇപ്പോള്‍ കൂടുവിട്ട് മറുകൂട്ടില്‍ ചേക്കേറുന്നത് എന്തിന്?

തിരുവനന്തപുരം എ‍ൻജിനീയറിങ് കോളജില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ എ‍ൻജിനീയറിങ്ങില്‍ ബിരുദം. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാനേജ്മെന്റ് സയന്‍സ് ആൻഡ് എ‍ൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. സിസ്കോ, ടോര്‍ക്ക്, കാസ്പര്‍ ലാബ്സ് തുടങ്ങിയ ആഗോള കമ്പനികളില്‍ സേവനമനുഷ്ഠിച്ച അനില്‍, പിഐ ഇന്ത്യ എന്ന സംരംഭത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണ്. കോവിഡ് പ്രതിരോധത്തിനായി സഭാസാമാജികരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.

2019 ജനുവരിയിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററായി അനില്‍ ചുമതലയേല്‍ക്കുന്നത്. ശശി തരൂരാണ് അനിലിനെ ഈ പദവിയിലേക്ക് നിര്‍ദേശിക്കുന്നത്. ഇതിലേക്ക് വഴിവച്ചത് 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അനില്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണമാണെന്നാണ് വിവരം. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. പിന്നീട് നടന്ന കര്‍ണാടക, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളുടെ ഡിജിറ്റല്‍ പ്രചാരണ ചുമതലകള്‍ കോണ്‍ഗ്രസ് ഇവരെ ഏല്‍പ്പിച്ചിരുന്നു. കേരളത്തിലെ പ്രളയകാലത്ത് കുടിവെള്ളവും ഭക്ഷണവും മരുന്നും ശേഖരിക്കാന്‍ അനില്‍ ആന്റണി നടത്തിയ പ്രവര്‍ത്തനങ്ങളും ഈ വഴിക്ക് ശ്രദ്ധ കിട്ടിയെന്ന് അന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

V Muraleedharan, Anil Antony | Photo: Twitter, @BJP4India
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു പ്രചാരണവും കൊടുക്കാതിരുന്നതില്‍ അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. ഡിജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്റര്‍ ആയ അനില്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് പ്രചാരണമാണ് നടത്തുന്നതെന്ന് ചോദ്യങ്ങളും ഉയര്‍ന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെയാണ് വഴിത്തിരിവിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ രാജ്യത്ത് വിലക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അതിനെ എതിര്‍ത്ത് രംഗത്തെത്തി. കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍ ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ച് പ്രതിഷേധമറിയിച്ചു. എന്നാല്‍ അനില്‍ ആകട്ടെ ബിബിസിയെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ബിജെപിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘‘ഇന്ത്യയിലുള്ളവര്‍ ബിബിസി ഡോക്യുമെന്ററിക്ക് രാജ്യത്തെ സ്ഥാപനങ്ങളേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് അപകടകരമാണ്. ഇത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ്. മുന്‍വിധികളുടെ ദീര്‍ഘചരിത്രമുള്ളതും ബ്രിട്ടിഷ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ ചാനലാണ് ബിബിസി. കൂടാതെ, ഇറാഖ് യുദ്ധത്തിന്റെ പിന്നിലെ തലച്ചോറാണ് ജാക്ക് സ്‌ട്രോ.’’– അന്ന് അനില്‍ കുറിച്ചത് ഇങ്ങനെ. അനിലിനെതിരെ കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്നു. രൂക്ഷമായി തന്നെ മറുപടി നല്‍കി. ഇത് അനിലിനെ ചൊടിപ്പിച്ചു. തനിക്കെതിരെ കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണം ആണ് പാര്‍ട്ടിയിലെ ചിലര്‍ നടത്തുന്നതെന്ന് അനില്‍ നിരന്തരം വിലപിച്ചു.

anil-antony-bjp-delhi
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തി. സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നുവന്ന വനിതാ നേതാവ് എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സ്ത്രീ ശാക്തീകരണമെന്നും അനില്‍ ചോദിച്ചു.

സമൂഹമാധ്യമത്തില്‍ ശ്രീനിവാസിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച അനില്‍, കോണ്‍ഗ്രസ് നേതാക്കളെ സംസ്ക്കാരമില്ലാത്തവരെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു.

‘‘ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങള്‍ക്കായി സമയം കളയാതെ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം.’’എന്നായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ കോടതിവിധിയെക്കുറിച്ച് അനിലിന്‍റെ ട്വീറ്റ്. രാഹുല്‍ ഗാന്ധി കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറിന്‍റെ പ്രസ്താവനയെയും സമൂഹമാധ്യമത്തില്‍ അനില്‍ പിന്തുണച്ചിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന പറച്ചിലും അനിലില്‍ നിന്നുണ്ടായി.
അനിലിന്റെ ഈ പ്രസ്താവനകളെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതിന്റെ അവസാനം എവിടേക്കെന്ന് ഊഹിക്കാവുന്നത് തന്നെയായിരുന്നു. എന്നാല്‍ എപ്പോള്‍, എവിടെവച്ച്, എങ്ങനെ എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റുകൊടുത്തതിന്റെയും, ശിക്ഷ്യന്മാർക്കൊപ്പമുള്ള അന്ത്യ അത്താഴത്തിന്റെയും ഓര്‍മയില്‍ ലോകം പെസഹ ആചരിക്കുന്ന ദിനം തന്നെ അതിനായി തിരഞ്ഞെടുത്തതിലെ ഔചിത്യത്തെയാണ് വിമര്‍ശകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിരാളികള്‍ക്ക് അനിലിന്റെ ഈ കൂറുമാറ്റം വലിയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കോണ്‍ഗ്രസിന് വേണ്ടി അനില്‍ എന്ത് ചെയ്തു, പോകുന്നതില്‍ എന്ത് നഷ്ടം എന്ന ചോദ്യത്തെക്കാളുപരി എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയിലേക്ക് എന്ന ദേശീയ മാധ്യമങ്ങളുടെ അടക്കം തലക്കെട്ടിന് വലിയ രാഷ്ട്രീയതലങ്ങളുണ്ടെന്ന് വ്യക്തം.

Related posts

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Aswathi Kottiyoor

പൊലീസ് തുണയായി, റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ 3 വയസുകാരനെ കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ

Aswathi Kottiyoor

‘ജന്മദിനത്തിൽ ദുബായിൽ കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല’; യുവതി ഭർത്താവിനെ മൂക്കിലിടിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox