28.1 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കും: മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Uncategorized

മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കും: മന്ത്രിസഭാ യോഗത്തിൽ തീരുമാനം


തിരുവനന്തപുരം∙ മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നാറിൽ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നത്.

മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നിവയെ ഉൾപ്പെടുത്തി, കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട്, 2016 വകുപ്പ് 51 ൽ നിഷ്‌കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.

ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാർ ഹിൽ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകളും അംഗീകരിച്ചു. നിയമനങ്ങൾ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട് ചട്ടം പ്രകാരം നടത്തും.

മറ്റു തീരുമാനങ്ങൾ

∙ ട്രെയിൻ തീവയ്പ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

എലത്തൂർ ട്രെയിൻ ആക്രമണത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച കെ.പി.നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ കുടുംബത്തിനാണ് തുക നൽകുക.

∙ തസ്തിക സൃഷ്ടിക്കൽ

ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ് ബാച്ചിൽ 9 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

∙ എം.എ.യൂസഫലി നൽകിയ തുക വിനിയോഗിക്കും

പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും നൽകുന്നതിനായി പ്രമുഖ വ്യവസായി എം.എ.യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ടു കോടി രൂപ വിനിയോഗിക്കാൻ തീരുമാനിച്ചു. മരിച്ച 109 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരുക്കേറ്റ 209 പേർക്ക് 30,000 രൂപയും സാരമായി പരുക്കേറ്റ 202 പേർക്ക് 14,000 രൂപയുമാണ് നൽകുക.

∙ കരാർ ഒപ്പുവയ്ക്കും

കെഎസ്ഇബി മുഖേന കേരള ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന് ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് കേരള സർക്കാർ, കെഎസ്ഇബി, കെഎഫ്ഡബ്ല്യു എന്നിവർ ചേർന്ന് പ്രോജക്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിന് അനുമതി നൽകി.

∙ സേവനകാലാവധി ദീർഘിപ്പിക്കും
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റിനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്‌നിക്കൽ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

∙ സർക്കാർ ഗ്യാരന്റി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിന് ഹഡ്‌കോയിൽ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാൻ വിഴിഞ്ഞം രാജ്യാന്തര സീ പോർട്ട് ലിമിറ്റഡിന് സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകും.

Related posts

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

Aswathi Kottiyoor

‘ഞാനുമുണ്ട് പരിചരണത്തിന്’; സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor

തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുപ്പട

Aswathi Kottiyoor
WordPress Image Lightbox